ബാബ രാംദേവിന് തിരിച്ചടി; കൊവിഡ് മരണത്തിന് അലോപ്പതിയെ കുറ്റപ്പെടുത്തി നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണം; 'കൊറോണില്‍' അനുകൂല പ്രചരണങ്ങളും നീക്കം ചെയ്യണം; നിര്‍ദ്ദേശം ഡല്‍ഹി ഹൈക്കോടതിയുടേത്‌

കൊവിഡ് മരണങ്ങള്‍ക്ക് അലോപ്പതി ഡോക്ടര്‍മാരെ കുറ്റപ്പെടുത്തി നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ബാബ രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും ഡല്‍ഹി ഹൈക്കോടതി

New Update
baba ramdevv.jpg

ന്യൂഡല്‍ഹി: കൊവിഡ് മരണങ്ങള്‍ക്ക് അലോപ്പതി ഡോക്ടര്‍മാരെ കുറ്റപ്പെടുത്തി നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ബാബ രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും ഡല്‍ഹി ഹൈക്കോടതി. പതഞ്ജലിയുടെ 'കൊറോണില്‍' കൊവിഡ് ചികിത്സയ്ക്ക് പറ്റിയ മരുന്നാണെന്ന് തരത്തില്‍ നടത്തിയ അവകാശവാദങ്ങളും പിന്‍വലിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Advertisment

സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഇത്തരം പ്രചരണങ്ങള്‍ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. പതഞ്ജലി ആയുർവേദയ്ക്കും അതിൻ്റെ പ്രമോട്ടർമാർക്കും എതിരെ നിരവധി ഡോക്ടർമാരുടെ സംഘടനകൾ 2021ൽ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുകയായിരുന്നു കോടതി.

കൊവിഡ് മരണത്തിന് അലോപ്പതിയെ കുറ്റപ്പെടുത്തി തെറ്റായ അവകാശവാദങ്ങള്‍ രാംദേവും സംഘവും ഉന്നയിച്ചെന്നും, വിഷത്തിന്റെ ഫലം ചെയ്യുന്ന മരുന്നുകള്‍ നിര്‍ദ്ദേശിച്ച് രോഗികളില്‍ നിന്ന് ലാഭം കൊയ്‌തെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന ഈ അവകാശവാദങ്ങൾ അലോപ്പതി ചികിത്സകളുടെയും കോവിഡ് -19 വാക്സിനുകളുടെയും സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് പൊതുജനങ്ങളുടെ മനസ്സിൽ സംശയം വിതച്ചതായി ഡോക്ടർമാർ വാദിച്ചു.

രാംദേവ്, ബാലകൃഷ്ണ എന്നിവരെ അലോപ്പതിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും കൊറോണിലിനെ കൊവിഡിന്‌ പ്രതിവിധിയായി പ്രചരിപ്പിക്കുന്നതില്‍ നിന്നും തടയണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.