ഡല്‍ഹി: ഡല്‍ഹിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി ബിജെപി നേതാവ് രമേഷ് ബിധുരി. കല്‍ക്കാജി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് രമേഷ് ബിധുരി. ഇക്കുറി ഡല്‍ഹി മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം.
ഡല്‍ഹി മുഖ്യമന്ത്രി അതിഷി തന്റെ പിതാവിനെ പോലും മാറ്റിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ദേശീയ തലസ്ഥാനത്ത് ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബിധുരി. അതിഷി മര്‍ലീന ആയിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ അതിഷി സിംഗ് ആണ്. അവര്‍ അച്ഛനെ പോലും മാറ്റി
ഈ മര്‍ലീന ഇപ്പോള്‍ സിംഗ് ആയി. അവര്‍ പേര് മാറ്റി. അഴിമതിക്കാരായ കോണ്‍ഗ്രസുമായി കൂട്ടുകൂടില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ മക്കളോട് സത്യം ചെയ്തു. അങ്ങനെ മര്‍ലീന തന്റെ പിതാവിനെ മാറ്റി. ഇത് ആം ആദ്മി പാര്‍ട്ടിയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു, ബിധുരി പറഞ്ഞു.
നമ്മുടെ ധീരരായ നിരവധി സൈനികരുടെ മരണത്തിന് ഉത്തരവാദിയായ ഭീകരന്‍ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്കെതിരെ അതിഷി മര്‍ലീനയുടെ മാതാപിതാക്കള്‍ ദയാഹര്‍ജി സമര്‍പ്പിച്ചു.
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്ക് ഇളവ് ചോദിച്ചവരെ പിന്തുണയ്ക്കണോ എന്ന് ഡല്‍ഹിയിലെ ജനങ്ങളോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു, ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു
ബിജെപി നേതാക്കള്‍ നാണക്കേടിന്റെ എല്ലാ പരിധികളും ലംഘിക്കുന്നുവെന്നായിരുന്നു വിവാദ പരാമര്‍ശത്തോട് ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.