/sathyam/media/media_files/2025/01/23/2qhhyuLYfdUB6pAR1Emv.jpg)
റാഞ്ചി: വായ്പാ ഇൻസ്റ്റാൾമെന്റ് അടവിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഇളയ സഹോദരനെ ട്രക്ക് കയറ്റിക്കൊന്ന് ജ്യേഷ്ഠൻ.
ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ദേവിപൂർ പാെലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് സംഭവം.
42കാരനായ സഞ്ജീവ് ഭട്ട് ആണ് അനിയനായ ബിട്ടു (35)വിനെ കൊലപ്പെടുത്തിയത്.
ചൗധരിദിഹ് റോഡിലെ ഒരു തട്ടുകടയ്ക്ക് സമീപം നിന്ന് ബിട്ടു ഇരുചക്ര വാഹനം കഴുകുമ്പോഴായിരുന്നു സഹോദരൻ ട്രക്ക് ഇടിച്ചുകയറ്റിയത്.
കൊലയ്ക്കു ശേഷം ട്രക്ക് ഉപേക്ഷിച്ച് ഇയാൾ സ്ഥലത്തുനിന്ന് രക്ഷപെട്ടു.
ബിട്ടുവിന്റെ പേരിൽ വാങ്ങിയ ട്രക്കിന്റെ ഇഎംഐ അടവിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും സംഭവസമയത്ത് സഞ്ജീത് മദ്യലഹരിയിലായിരുന്നു എന്നും പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് സന്ദീപ് കൃഷ്ണ പറഞ്ഞു.
ഏഴ് സഹോദരങ്ങളിൽ രണ്ടാമനാണ് സഞ്ജീത്.
കാെല്ലപ്പെട്ട ബിട്ടു അഞ്ചാമത്തെയാളും. സഞ്ജീത്തിന്റെ ഉപജീവനമാർഗത്തിനായി അയാളുടെ അഭ്യർഥപ്രകാരം ബിട്ടു മിനി ട്രക്ക് വാങ്ങാൻ സഹായിക്കുകയായിരുന്നു.
എന്നാൽ, വാഹനത്തിന്റെ ഇഎംഐ അടയ്ക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടായിരുന്നു"- ഉദ്യോഗസ്ഥൻ അറിയിച്ചു.
"ബിട്ടു പലതവണ ആവശ്യപ്പെട്ടിട്ടും സഞ്ജീത് കുടിശ്ശിക അടയ്ക്കാൻ തയാറായില്ല.
ഞായറാഴ്ച രാവിലെ, ബിട്ടു തന്റെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലയ്ക്ക് പുറത്ത് ബൈക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ, രാവിലെ മുതൽ മദ്യപിച്ചു നടന്ന സഞ്ജീത് പെട്ടെന്ന് തന്റെ ട്രക്ക് സ്റ്റാർട്ട് ചെയ്ത് സഹോദരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു- അദ്ദേഹം വിശദമാക്കി.
ബിട്ടുവിന്റെ മൃതദേഹം ദിയോഘർ സദർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും എത്രയും വേഗം പിടികൂടുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.