/sathyam/media/media_files/2025/06/08/OL5W8wr969GhCf1ppBgu.jpg)
ലൈംഗികാതിക്രമത്തിന് ഇരയായവരെ വീണ്ടും വിസ്തരിക്കരുത്, അത് അവരിൽ കടുത്ത മാനസികാഘാതം സൃഷ്ടിക്കും: സുപ്രീം കോടതി
ന്യൂഡൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീം കോടതിയുടെ വിധി. ഇത് അതിജീവിതക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, വീണ്ടും മാനസികാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും, അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചൽ സ്വദേശിയായ ഒരു പ്രതിയുടെ ആവശ്യം പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഈ നിർണായക നിർദേശം പുറപ്പെടുവിച്ചത്. ഇതോടൊപ്പം, പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.
പ്രതിയുടെ ആവശ്യം അംഗീകരിച്ചാൽ അത് കോടതിയോടുള്ള ജനവിശ്വാസത്തെ ദുർബലപ്പെടുത്തുമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവർ നിരീക്ഷിച്ചു. “തന്റെ കുട്ടിയെ നീതിയിൽ വിശ്വസിക്കാൻ പഠിപ്പിക്കുന്ന ഓരോ അമ്മയ്ക്കും അതൊരു പ്രഹരമായിരിക്കും,” എന്നും സുപ്രീം കോടതി ബെഞ്ച് വിലയിരുത്തി. കുറ്റം തെളിഞ്ഞ ശേഷം പ്രതിക്ക് ഇത്തരമൊരു അവസരം നൽകുന്നത്, ഓരോ കുട്ടിക്കും ഭരണഘടനാപരമായി നൽകുന്ന വാഗ്ദാനത്തെ വഞ്ചിക്കുന്നതിന് തുല്യമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.