നഷ്ടപ്രണയത്തിന്റെ വേദന ഉള്ളില്‍ പേറുന്നവരാണ് പലരും. വ്യവസായരംഗത്ത് നേട്ടങ്ങള്‍ കൊയ്യുമ്പോഴും, രത്തന്‍ ടാറ്റയും അത്തരം വേദന ഉള്ളില്‍ കൊണ്ടു നടന്നിരുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നഷ്ടപ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ലോസ് ആഞ്ചല്‍സിലെ പ്രണയം
കോളേജ് വിദ്യാഭ്യാസത്തിന് ശേഷമാണ് രത്തന്‍ ടാറ്റ ലോസ് ആഞ്ചല്‍സിലെ ഒരു ആർക്കിടെക്ചർ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. രണ്ട് വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. അവിടെ വെച്ച് രത്തന്‍ ടാറ്റയുടെ പ്രണയം തളിരിട്ടു. പ്രണയബന്ധം ഏകദേശം വിവാഹത്തോട് അടുക്കുകയും ചെയ്തു.
ഇതിനിടെ താല്‍ക്കാലികമായെങ്കിലും സ്വദേശത്തേക്ക് മടങ്ങാന്‍ രത്തന്‍ ടാറ്റ തീരുമാനിച്ചു. മുത്തശിയുടെ ആരോഗ്യപ്രശ്‌നങ്ങളായിരുന്നു പ്രധാന കാരണം. തന്റെ പ്രണയിനിയും തനിക്കൊപ്പം ഇന്ത്യയിലേക്ക് വരുമെന്നായിരുന്നു രത്തന്‍ ടാറ്റയുടെ ചിന്ത. എന്നാല്‍ 1962-ലെ ഇന്ത്യ-ചൈന യുദ്ധം തകര്‍ത്തത് രത്തന്റെ പ്രണയം കൂടിയാണ്.
യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ഈ സാഹചര്യത്തില്‍ മകളെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് രത്തന്റെ പ്രണയിനിയുടെ മാതാപിതാക്കള്‍ നിലപാടെടുത്തു. അതോടെ ആ ബന്ധം അവസാനിച്ചു.
അവിവാഹിത ജീവിതം, ഏകാന്തത
ഭാര്യയും കുടുംബവും ഇല്ലാത്തതിനാല്‍ താന്‍ ഏകാന്തത അനുഭവിച്ചിരുന്നുവെന്നും രത്തന്‍ ടാറ്റ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പലതവണ താന്‍ ഏകാന്തത അനുഭവിച്ചെന്ന് അദ്ദേഹം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പല തവണ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും അത് വിജയിച്ചില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.