ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ബിസിസിഐ.
ഇത്തരത്തില്‍ വലിയ രീതിയില്‍ വിജയാഘോഷങ്ങള്‍ മതിയായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നുവെന്ന് പരിപാടിയുടെ സംഘാടകരെ കുറ്റപ്പെടുത്തി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു.
'ഇത് വളരെ നിര്‍ഭാഗ്യകരമാണ്. ഇത് ജനപ്രീതിയുടെ നെഗറ്റീവ് വശമാണ്. ജനങ്ങള്‍ക്ക് അവരുടെ ക്രിക്കറ്റ് താരങ്ങളോട് ഭ്രാന്താണ്. സംഘാടകര്‍ പരിപാടി നന്നായി ആസൂത്രണം ചെയ്യണമായിരുന്നു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോടുള്ള എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
ഇത്രയും വലിയ വിജയാഘോഷം സംഘടിപ്പിക്കുമ്പോള്‍, ശരിയായ മുന്‍കരുതലുകള്‍, സുരക്ഷ, സുരക്ഷാ നടപടികള്‍ എന്നിവ സ്വീകരിക്കേണ്ടതുണ്ട്. എവിടെയോ ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ കെകെആര്‍ വിജയിച്ചു, പക്ഷേ അവിടെ ഒന്നും അപകടങ്ങള്‍ ഒന്നും സംഭവിച്ചില്ല. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തെത്തുടര്‍ന്ന് മുംബൈയില്‍ നടന്ന ആഘോഷങ്ങളും അപകടങ്ങളില്ലാതെ നടന്നുവെന്നും ദേവജിത് പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ട് ആരാധകര്‍ മരിച്ച സംഭവമുണ്ടായിട്ടും ആഘോഷം തുടര്‍ന്നതില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ കടുത്ത വിമര്‍ശനമാണുയര്‍ന്നത്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു വിരാട് കോഹ് ലി അടക്കമുള്ള താരങ്ങള്‍ പങ്കെടുത്ത ആഘോചടങ്ങുകള്‍ നടന്നത്. ദുരന്തമുണ്ടായ വിവരം പുറംലോകമറിഞ്ഞിട്ടും സ്റ്റേഡിയത്തില്‍ വിജയാഘോഷം തുടര്‍ന്നതാണ് വിമര്‍ശനത്തിന് വഴിവെച്ചത്.