മുസാഫര്‍പൂര്‍: റെയില്‍വേയിലെ വ്യാജ റിക്രൂട്ട്മെന്റ് കേസിന്റെ അന്വേഷണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ജമ്മു കശ്മീരിലെ കത്വ സ്വദേശിയായ രൂപ് ലാല്‍ ആണ് റിക്രൂട്ട്മെന്റിനായി ഉപയോഗിച്ച വ്യാജ റെയില്‍വേ വെബ്സൈറ്റിന്റെ സ്രഷ്ടാവെന്ന് കണ്ടെത്തി. സാമ്പത്തിക കുറ്റകൃത്യ യൂണിറ്റും (ഇഒയു) സൈബര്‍ സെല്‍ പട്നയും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ഈ തട്ടിപ്പുകാര്‍ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടാകാമെന്ന് സോന്‍പൂര്‍ റെയില്‍വേ പോലീസ് ആശങ്ക പ്രകടിപ്പിച്ചു. വ്യാജ റിക്രൂട്ട്മെന്റിലൂടെ ലഭിക്കുന്ന വലിയ തുക തീവ്രവാദ ഫണ്ടിംഗിനായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
അഞ്ച് മാസം മുമ്പ് വ്യാജ റിക്രൂട്ട്‌മെന്റ് കേസ് പുറത്തുവന്നതിനുശേഷം, പല സംസ്ഥാനങ്ങളുമായുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട് .
അന്വേഷണത്തില്‍ വെളിപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് കള്ളപ്പണം വെളുപ്പിക്കുന്നതെന്ന് കണ്ടെത്തി. ഗുജറാത്തിലെ ഒരു അനുബന്ധ അക്കൗണ്ടില്‍ 2,500 കോടിയിലധികം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി.
ഡിസംബര്‍ 3 ന് സോന്‍പൂര്‍ സ്റ്റേഷനില്‍ ടിടിഇമാരാണെന്ന വ്യാജേന ടിക്കറ്റ് പരിശോധിക്കുന്നതിനിടെ പിടിക്കപ്പെട്ട മൂന്ന് യുവാക്കളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് റെയില്‍വേയില്‍ വ്യാജ റിക്രൂട്ട്‌മെന്റ് നടന്നതായി കണ്ടെത്തിയത്. മൂന്ന് പേരും വ്യാജമായി നിയമിക്കപ്പെട്ടവരാണ്.
റിക്രൂട്ട്മെന്റിന് ഉപയോഗിച്ച റെയില്‍വേയുടെ സമാനമായ വ്യാജ വെബ്സൈറ്റ് സോന്‍പൂര്‍ റെയില്‍വേ പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇ.ഒ.യുവും സൈബര്‍ സെല്‍ പട്നയും ചേര്‍ന്ന് അന്വേഷിച്ചു.
കത്വയില്‍ നിന്നുള്ള രൂപ് ലാല്‍ എന്ന തട്ടിപ്പുകാരന്‍ റെയില്‍വേയുടെ എല്ലാ വ്യാജ വെബ്സൈറ്റുകളും സൃഷ്ടിച്ചിരുന്നതായി അവരുടെ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
രൂപ്ലാലിന്റെ ജിമെയില്‍ അക്കൗണ്ട് സോനു സിംഗ് ഇടിസിയുടെ പേരിലാണ്. ആ മെയില്‍ അക്കൗണ്ടില്‍ നിന്ന് വെബ്സൈറ്റ് സൃഷ്ടിച്ച അര ഡസന്‍ പ്രതികളുടെ മൊബൈല്‍ നമ്പറുകളും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറുകളും പരിശോധിച്ചുവരികയാണ്.