ബംഗളൂരു: നടി രന്യ റാവു ഉള്‍പ്പെട്ട കള്ളക്കടത്ത് കേസില്‍ സുപ്രധാന വഴിത്തിരിവ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ സിഐഡിക്ക് നല്‍കിയ അന്വേഷണ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു.
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയോഗിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്ത കേസ് അന്വേഷിച്ചുവരികയാണെന്നും പോലീസ് വകുപ്പില്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ രന്യയുടെ രണ്ടാനച്ഛന്‍ കെ രാമചന്ദ്ര റാവുവിന്റെ പങ്കും അദ്ദേഹം അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
രാമചന്ദ്ര റാവു നിലവില്‍ കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്.
പ്രോട്ടോക്കോള്‍ പ്രത്യേകാവകാശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും അതില്‍ റാവുവിന് എന്തെങ്കിലും പങ്കുണ്ടോ എന്നും കണ്ടെത്തുകയായിരുന്നു ഗുപ്തയുടെ അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറഞ്ഞു.
ഈ സംഭവങ്ങളില്‍ താന്‍ ഞെട്ടിപ്പോയി എന്നും തന്റെ കുടുംബത്തിന് ഇത് വളരെ ദുഷ്‌കരമായ സമയമാണെന്നും രാമചന്ദ്ര റാവു പറഞ്ഞു.
രന്യ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ നിയമം അതിന്റെ ജോലി ചെയ്യും. അതേസമയം, രന്യയുടെ ജാമ്യാപേക്ഷയില്‍ ബെംഗളൂരുവിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതി വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്, മാര്‍ച്ച് 14 ന് വിധി പ്രഖ്യാപിക്കാനാണ് സാധ്യത.
ഈ കേസില്‍ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) മറ്റൊരു പ്രതിയായ വ്യവസായി തരുണ്‍ രാജുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇയാള്‍ രന്യയുമായി അടുപ്പമുള്ളയാളാണെന്ന് പറയപ്പെടുന്നു. കോടതി ഇയാളെ 5 ദിവസത്തേക്ക് ഡിആര്‍ഐ കസ്റ്റഡിയില്‍ വിട്ടു.
ഗ്രീന്‍ ചാനലിലൂടെ ഒരു അറിയിപ്പും നല്‍കാതെ പുറത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ രന്യ സംശയാസ്പദമായ എന്തോ കൈവശം വച്ചിരിക്കുന്നതായി വിമാനത്താവളത്തിലെ മെറ്റല്‍ ഡിറ്റക്ടര്‍ സൂചിപ്പിച്ചതായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്വേഷണത്തില്‍ 12.56 കോടി രൂപയുടെ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളും 2.06 കോടി രൂപയുടെ ആഭരണങ്ങളും 2.67 കോടി രൂപയുടെ പണവും കണ്ടെടുത്തു.