ഡല്‍ഹി: നടി റിയ ചക്രവര്‍ത്തിക്ക് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം. തനിക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ (എല്‍ഒസി) ബോംബെ ഹൈക്കോടതി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.
റിയയെ കൂടാതെസഹോദരന്‍ ഷോവിക്, കരസേനാ വെറ്ററന്‍ ആയ അച്ഛന്‍ ലെഫ്റ്റനന്റ് കേണല്‍ ഇന്ദ്രജിത് ചക്രവര്‍ത്തി എന്നിവര്‍ക്കും സുപ്രീം കോടതിയില്‍ നിന്ന് ഇളവ് ലഭിച്ചു.
റിയ ചക്രവര്‍ത്തിയുടെയും സഹോദരന്റെയും പിതാവിന്റെയും ഹര്‍ജിയെ തുടര്‍ന്ന് സിബിഐയുടെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഫെബ്രുവരിയില്‍ ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സിബിഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നത്.
നടി, സഹോദരന്‍, അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെ 2020 ഓഗസ്റ്റിലാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കുകയും തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു.