ലഖ്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങിന് ഉത്തർപ്രദേശ് സർക്കാർ ജോലി നൽകും. താരത്തെ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറായി (ബിഎസ്എ) നിയമിക്കാനാണ് സർക്കാർ തീരുമാനം.
രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടിയ താരങ്ങൾക്കു സർക്കാർ സർവീസിൽ നിയമനം നൽകുന്ന 2022ലെ നിയമമനുസരിച്ചാണ് റിങ്കു സിങിനു ജോലി നൽകുന്നത്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ റിങ്കു സിങും അംഗമായിരുന്നു.
ഈ ജോലിക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. റിങ്കു സിങ് 9ാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. കുടുംബത്തിലെ മോശം സാഹചര്യങ്ങൾ കാരണമാണ് താരത്തിനു പഠനം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാതെ വന്നത്.
കായിക രംഗത്ത് രാജ്യാന്തര തലത്തിൽ നേട്ടങ്ങളുള്ളവർക്കു സർക്കാർ സർവീസിലെ പ്രധാന ചുമതലകൾ നൽകി ആദരിക്കണം എന്നതാണ് യുപി സർക്കാർ നയം. രേഖകൾ പരിശോധിച്ച ശേഷം റിങ്കു ഉൾപ്പെടെ ഏഴ് കായിക താരങ്ങൾക്കാണ് പുതിയതായി നിയമനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസറായ റിങ്കുവിനു 70,000 മുതൽ 90,000 രൂപ വരെ മാസ ശമ്പളമായി ലഭിക്കും. പുറമേ മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. റിങ്കുവിന്റെ പിതാവിന് ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുന്ന ജോലിയാണ്.
നിലവിൽ യുപി സർക്കാരിന്റെ വിവിധ പദ്ധതികളുടെ ബ്രാൻഡ് അംബസഡർ കൂടിയാണ് റിങ്കു. യാവാക്കൾക്കു പ്രചോദനം നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നിയമനങ്ങളെന്നു യുപി സർക്കാർ വ്യക്തമാക്കി.