ഇന്ത്യാ മുന്നണി വിടാൻ ആർ എൽ ഡിയും? ബിജെപിയുമായി അന്തിമ ചർച്ചകൾ നടത്തി ജയന്ത് ചൗധരി; ആർ എൽ ഡിക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നത് നാല് ലോക്‌സഭാ മണ്ഡലങ്ങളും ഒരു കേന്ദ്രമന്ത്രി സ്ഥാനവും രണ്ട് സംസ്ഥാന മന്ത്രിസ്ഥാനവും

New Update
rjd

ഡല്‍ഹി: ഉത്തർപ്രദേശിലെ സീറ്റ് വിഭജനത്തിൽ സമാജ്‌വാദി പാർട്ടിയുമായി ഇതുവരെ സമവായത്തിലെത്താത്ത സാഹചര്യത്തിൽ, രാഷ്ട്രീയ ലോക്ദൾ വരും ദിവസങ്ങളിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേരുമെന്ന് സൂചന.

Advertisment

നാല് ലോക്‌സഭാ മണ്ഡലങ്ങളും ഒരു കേന്ദ്രമന്ത്രി സ്ഥാനവും രണ്ട് സംസ്ഥാന മന്ത്രിസ്ഥാനവുമാണ് ആർ എൽ ഡിക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നാണ് പാർട്ടിക്കുള്ളിലെ വൃത്തങ്ങൾ നൽകിയ വിവരം.  

കോൺഗ്രസും സമാജ്‌വാദി പാർട്ടിയും സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന സമയത്ത് ആർഎൽഡി മറുകണ്ടം ചാടിയാൽ, യുപിയിൽ ഇന്ത്യൻ സഖ്യത്തിന് അത് വലിയ തിരിച്ചടിയാകും.  

“ഞങ്ങളും ബിജെപിയും തമ്മിലുള്ള കാര്യങ്ങൾ ഏതാണ്ട് അന്തിമമായിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാം, ഒരുപക്ഷേ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ.” ഒരു മുതിർന്ന ആർഎൽഡി നേതാവ് പറഞ്ഞു,

ഒരു ആർഎൽഡി നേതാവ് സീറ്റ് വിഭജനത്തിന്റെ വിശദാംശങ്ങളും നൽകി. 'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഞങ്ങൾക്ക് നാല് സീറ്റും ഒരു കേന്ദ്ര മന്ത്രിയും യുപിയിൽ രണ്ട് സംസ്ഥാന മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്യുന്നു. ചില സീറ്റുകൾ സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടെങ്കിലും അവ പരിഹരിക്കും. അവർ ഞങ്ങൾക്ക് നൽകാൻ വിസമ്മതിക്കുന്ന സീറ്റുകളിലൊന്നാണ് മുസാഫർനഗർ. അതും വർക്ക് ഔട്ട് ചെയ്യും- നേതാവ് പറഞ്ഞു. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ 2014 മുതൽ മുസാഫർനഗറിനെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നു.

ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ബിജെപി വൃത്തങ്ങളും സ്ഥിരീകരിച്ചു. ഡൽഹിയിലെ ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു, “ഞങ്ങളുടെ പാർട്ടി അവർക്ക് ബാഗ്പത്, മഥുര, ഹത്രാസ്, അംരോഹ എന്നിവ വാഗ്ദാനം ചെയ്യുന്നു. മുസഫർനഗറും കൈരാനയും അവർക്ക് നൽകാൻ പാർട്ടി നേതൃത്വം വിസമ്മതിച്ചു. പകരം ഞങ്ങൾ ബിജ്‌നോറും സഹാറൻപൂരും വാഗ്ദാനം ചെയ്യുന്നു.

ആർഎൽഡി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചാൽ അത് യുപിയിൽ സഖ്യത്തെ കൂടുതൽ ദുർബലമാക്കും. സീറ്റ് വിഭജനത്തിന്റെ ഭാഗമായി ആർഎൽഡിക്ക് ഏഴ് മണ്ഡലങ്ങൾ അനുവദിക്കുമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പാർട്ടിക്ക് ഏതൊക്കെ മണ്ഡലങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് ആർ എൽ ഡി അണികളിൽ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.

Advertisment