ചെന്നൈ: മധുരയിലെ ഒരു സര്‍ക്കാര്‍ എയ്ഡഡ് കോളേജിലെ വിദ്യാര്‍ത്ഥികളോട് പൊതുചടങ്ങിനിടെ മൂന്ന് തവണ 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ വിവാദത്തിലായി ഗവര്‍ണര്‍ ആര്‍.എന്‍. രവി.
ഗവര്‍ണര്‍മാര്‍ എടുത്ത സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 159 ലംഘിച്ചുവെന്നാരോപിച്ച് ആര്‍.എന്‍. രവിയെ പുറത്താക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വിദഗ്ധരുടെ സംഘടനയായ സ്റ്റേറ്റ് പ്ലാറ്റ്ഫോം ഫോര്‍ കോമണ്‍ സ്‌കൂള്‍ സിസ്റ്റം തമിഴ്നാട് കത്തെഴുതി.
വിദ്യാഭ്യാസം ഒരു മതേതര പ്രവര്‍ത്തനമാണെന്നും തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവേചനമില്ലാതെ അക്കാദമിക് ആവശ്യങ്ങള്‍ക്കായി മാത്രം വിവിധ മതഗ്രന്ഥങ്ങള്‍ വായിക്കാന്‍ കഴിയുന്നുണ്ടെന്നും പ്രസ്താവനയില്‍ വാദിക്കുന്നു.
തമിഴ്‌നാട്ടിലെ സ്‌കൂളുകളിലും കോളേജുകളിലും പിന്തുടരുന്ന പാഠ്യപദ്ധതിയെയും സിലബസിനെയും കുറിച്ചുള്ള അറിവിന്റെ കാര്യത്തില്‍ ആര്‍ എന്‍ രവി നിരക്ഷരനാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
അദ്ദേഹത്തിന്റെ അജ്ഞതയും ധാര്‍ഷ്ട്യവും കാരണം, സമാധാനം തകര്‍ക്കാനും ഒരു കൂട്ടം ആളുകളെ മറ്റൊരു കൂട്ടത്തിനെതിരെ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടുള്ള തെറ്റായ ആശയങ്ങള്‍ അദ്ദേഹം പ്രചരിപ്പിക്കുന്നത് തുടരുന്നുവെന്നും പ്രസ്താവനയില്‍ വാദിക്കുന്നു.
ഏപ്രില്‍ 12 ന് ഒരു സാഹിത്യ മത്സരത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഗവര്‍ണറെ മുഖ്യാതിഥിയായി എഞ്ചിനീയറിംഗ് കോളേജിലേക്ക് ക്ഷണിച്ചിരുന്നു.