ചെന്നൈ: തമിഴ്നാട്ടില്‍ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് ഗവര്‍ണര്‍ ആര്‍എന്‍ രവി. ദളിതരുടെ അവസ്ഥ തന്നെ വളരെയധികം വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക നീതിയെക്കുറിച്ച് പതിവായി സംസാരിക്കപ്പെടുന്ന തമിഴ്നാട്ടില്‍ ഞാന്‍ വന്നപ്പോള്‍, നമ്മുടെ ദളിത് സഹോദരീ സഹോദരന്മാരുടെ ദുരവസ്ഥയില്‍ എനിക്ക് വേദന തോന്നി. തമിഴ്നാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തരത്തിലുള്ള സംഭവങ്ങള്‍ പ്രത്യേകിച്ച് 'ഹൃദയഭേദകം' ആണെന്ന് അദ്ദേഹം പറഞ്ഞു.
'ഗ്രാമത്തിലെ തെരുവിലൂടെ ചെരിപ്പ് ധരിച്ച് നടന്നതിന് ഒരു ദളിതനെ മര്‍ദ്ദിച്ചു. മോട്ടോര്‍ ബൈക്ക് ഓടിച്ചതിന് ഒരു ദലിത് യുവാവിനെ മര്‍ദ്ദിച്ചു. ഒരു അധ്യാപകന്‍ പ്രശംസിച്ച വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി ആക്രമിക്കുന്നു. വാട്ടര്‍ ടാങ്കുകളില്‍ നിന്ന് മനുഷ്യ വിസര്‍ജ്ജ്യം കണ്ടെത്തി. ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല,' ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്ത് ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചതായി രവി അവകാശപ്പെട്ടു.
'ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2020 ന് ശേഷം 50 ശതമാനം വര്‍ദ്ധനവ്. ദളിത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
തമിഴ്നാട്ടില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം ദേശീയ ശരാശരിയുടെ പകുതിയില്‍ താഴെയാണ്. ഇവ വസ്തുതകളാണെന്നും രാഷ്ട്രീയ പ്രസ്താവനകളല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.