ബംഗളൂരുവിൽ പോലീസെന്ന വ്യാജേന എത്തി റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കൊള്ളയടിച്ചു; 20 ലക്ഷം രൂപയും അരക്കിലോ സ്വർണ്ണവും കവർന്നു

രണ്ടുപേര്‍ വീടിനുള്ളില്‍ കവര്‍ച്ച നടത്തുമ്പോള്‍ മറ്റ് രണ്ടുപേര്‍ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു.

New Update
Untitled

ബംഗളൂരു: പോലീസ് ഉദ്യോഗസ്ഥരാണെന്ന് നടിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ നാലംഗ സംഘം പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെയും കുടുംബത്തെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപയും അരക്കിലോ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. ബംഗളൂരു ബിഇഎല്‍ ലേഔട്ടിലെ ഹോംബാലെഗൗഡയുടെ വീട്ടില്‍ ഫെബ്രുവരി 16-നാണ് സിനിമയെ വെല്ലുന്ന കൊള്ള നടന്നത്.

Advertisment

53-കാരനായ ഹോംബാലെഗൗഡയും ഭാര്യ മംഗളമ്മയും കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്ന സമയത്താണ് രണ്ട് പേര്‍ പോലീസിന്റെ യൂണിഫോം ധരിച്ച് എത്തിയത്. യെലഹങ്ക പോലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് അവകാശപ്പെട്ട ഇവര്‍ പോലീസുകാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ബാഗും ഡയറിയും കൈവശം വെച്ചിരുന്നു.


വീട്ടില്‍ കടന്നയുടന്‍ സംഘം തോക്കും കത്തിയും കാട്ടി ദമ്പതികളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കറുത്ത ടേപ്പ് ഉപയോഗിച്ച് ഇരുവരെയും കെട്ടിയിട്ട ശേഷം കിടപ്പുമുറിയില്‍ തിരച്ചില്‍ നടത്തി 20 ലക്ഷം രൂപയും അരക്കിലോയോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും ദമ്പതികളുടെ മൊബൈല്‍ ഫോണുകളും കവരുകയായിരുന്നു.


രണ്ടുപേര്‍ വീടിനുള്ളില്‍ കവര്‍ച്ച നടത്തുമ്പോള്‍ മറ്റ് രണ്ടുപേര്‍ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം നാലംഗ സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.


ഹോംബാലെഗൗഡ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പോലീസ് പരിശോധന നടത്തുന്നത്.

Advertisment