ഹൈദരാബാദില്‍ നാല് മിനിറ്റുകള്‍ക്കകം എടിഎം മെഷീന്‍ തകര്‍ത്ത് കവർന്നത് 30 ലക്ഷം രൂപ. നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്

New Update
f

ഹൈദരാബാദ്: ഹൈദരാബാദില്‍ നാല് മിനിറ്റുകള്‍ക്കകം എടിഎം മെഷീന്‍ തകര്‍ത്ത് 30 ലക്ഷത്തോളം രൂപ കവര്‍ന്ന് നാലംഗ സംഘം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള എസ്ബിഐ എടിഎമ്മിലാണ് വന്‍കവര്‍ച്ച നടന്നത്. എടിഎം മുറിയ്ക്കുള്ളില്‍ വെച്ചിരുന്ന കാമറയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Advertisment

പുലര്‍ച്ചെ 1.56നായിരുന്നു സംഭവം. കാറിലെത്തിയ സംഘം അകത്ത് കയറും മുമ്പ് മുറിയ്ക്ക് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ എന്തോ വസ്തു സ്‌പ്രേ ചെയ്തു.

ശേഷം എമര്‍ജന്‍സി സൈറണ്‍ മുഴങ്ങാന്‍ സ്ഥാപിച്ചിരുന്ന വയറുകള്‍ കട്ട് ചെയ്തു. എന്നാല്‍ കൗണ്ടറിനുള്ളിലുണ്ടായിരുന്ന സിസിടിവി കാമറ മറച്ചിരുന്നില്ല.


ഇരുമ്പ് ദണ്ഡുകളും ഗ്യാസ് കട്ടറുമായി മൂന്ന് പേര്‍ മുറിയ്ക്ക് അകത്ത് കടന്നപ്പോള്‍ ഒരാള്‍ പുറത്ത് കാവല്‍ നിന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ മുറിച്ചുമാറ്റി. അകത്തുണ്ടായിരുന്ന 29.69 ലക്ഷം രൂപയും കവര്‍ന്നു.


നാല് മിനിറ്റിന് ശേഷം ഇവര്‍ മടങ്ങി. സംഘത്തില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നെന്നും ഒരാള്‍ വാഹനത്തില്‍ തന്നെ ഇരിക്കുകയായിരുന്നു എന്നുമാണ് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.

മോഷണ സംഘം സഞ്ചരിച്ച കാര്‍ പല സ്ഥലങ്ങളിലൂടെ കടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മെഷീന്‍ കുത്തിത്തുറന്ന് പണം എടുക്കുന്നതിനുള്ള എല്ലാ സന്നാഹങ്ങളുമായാണ് ഇവര്‍ എത്തിയത്. ഹരിയാനയില്‍ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Advertisment