രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവെയ്പ്പ്: മുഖ്യ ഷൂട്ടർ പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം 11 ആയി

വെടിവെയ്പ്പ് നടത്തുന്നതിനായി ദീപക് ശര്‍മ്മയ്ക്ക് 50,000 രൂപ അഡ്വാന്‍സ് നല്‍കിയിരുന്നതായി പോലീസ് വെളിപ്പെടുത്തി. ബാക്കി തുക കൃത്യം നിര്‍വ്വഹിച്ച ശേഷം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

New Update
Untitled

മുംബൈ: ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവെയ്പ്പ് നടത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

ഹരിയാന സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും മുംബൈ ക്രൈം ബ്രാഞ്ചും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ ഹരിയാനയിലെ ബഹാദുര്‍ഗഡില്‍ നിന്നാണ് മുഖ്യ ഷൂട്ടര്‍ ദീപക് ശര്‍മ്മ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം 11 ആയി ഉയര്‍ന്നു.


വെടിവെയ്പ്പ് നടത്തുന്നതിനായി ദീപക് ശര്‍മ്മയ്ക്ക് 50,000 രൂപ അഡ്വാന്‍സ് നല്‍കിയിരുന്നതായി പോലീസ് വെളിപ്പെടുത്തി. ബാക്കി തുക കൃത്യം നിര്‍വ്വഹിച്ച ശേഷം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നാണ് മറ്റ് മൂന്ന് പ്രതികളെ പിടികൂടിയത്. നേരത്തെ പൂനെ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി ഏഴ് പേര്‍ അറസ്റ്റിലായിരുന്നു.

സിനിമാ മേഖലയിലെ പ്രമുഖരെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആക്രമണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവില്‍ ജയിലില്‍ കഴിയുന്ന പ്രവീണ്‍ ലോങ്കറെ ഈ കേസിലും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതോടെ പ്രമുഖ അധോലോക സംഘങ്ങള്‍ക്ക് ഈ ആക്രമണത്തില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.


സംഭവത്തിന് പിന്നിലെ സൂത്രധാരന്മാരെ കണ്ടെത്താനായി അറസ്റ്റിലായ പ്രതികളെ മുംബൈ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Advertisment