ഡല്‍ഹി: രാജസ്ഥാനിലെ ജലവാറില്‍ വെള്ളിയാഴ്ച രാവിലെ സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു.
ജലവാര്‍ ജില്ലയിലെ മനോഹര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പിപ്ലോഡിയില്‍ നിന്നാണ് ഈ സംഭവം നടന്നതെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര പെട്ടെന്ന് തകര്‍ന്നുവീണു.
ക്ലാസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. അപകടത്തിന് ശേഷം ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പിപലോഡി പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി ജലവാര്‍ എസ്പി അമിത് കുമാര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ പത്തിലധികം കുട്ടികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ജില്ലയിലെ മനോഹര്‍ത്തന ബ്ലോക്കിലെ പിപ്ലോഡി സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ ക്ലാസ് മുറിയിലായിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് തൊട്ടുപിന്നാലെ, അധ്യാപകരുടെയും ഗ്രാമവാസികളുടെയും സഹായത്തോടെ കുട്ടികളെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ ദുഃഖം രേഖപ്പെടുത്തി. ജലവാറിലെ പിപ്ലോഡിയില്‍ ഒരു സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ ദാരുണമായ അപകടം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ എഴുതി.
പരിക്കേറ്റ കുട്ടികള്‍ക്ക് ശരിയായ ചികിത്സ നല്‍കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.