കൊല്‍ക്കത്ത: റോസ് വാലി പോണ്‍സി കുംഭകോണത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാനായി ആസ്തി നിര്‍വ്വഹണ സമിതി (എഡിസി) ചെയര്‍മാന്‍ ജസ്റ്റിസ് ഡി കെ സേത്തിന് 515.31 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൈമാറി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി.
റോസ് വാലി ഗ്രൂപ്പ് വഞ്ചിച്ച ഏകദേശം 7.5 ലക്ഷം നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഈ ഫണ്ട് ഉപയോഗിക്കും.
2015 നും 2017 നും ഇടയില്‍ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച ഫണ്ട് വഴിതിരിച്ചുവിടാന്‍ ഉപയോഗിച്ച 2,987 ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാടുകള്‍ നിരീക്ഷിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വര്‍ഷങ്ങളോളം നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഈ നീക്കം.
ഈ അക്കൗണ്ടുകള്‍ പിന്നീട് മരവിപ്പിക്കുകയും പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം 700 ലധികം സ്ഥിര നിക്ഷേപങ്ങളാക്കി മാറ്റുകയും ചെയ്തു.
പാവപ്പെട്ടവരില്‍ നിന്ന് കൊള്ളയടിച്ച പണം തിരികെ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് ഈ തിരിച്ചടവ് എന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരം തട്ടിപ്പുകളില്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കണമെന്ന് സര്‍ക്കാര്‍ നിരന്തരം ആവര്‍ത്തിച്ചു പറയുന്നുണ്ട്.
ഈ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്ന ഒരു പ്രസ്താവനയും ധനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയിരുന്നു.