ചൈനീസ് അതിർത്തിക്ക് അരികെ യുദ്ധവിമാനങ്ങൾക്കായി ഹൈവേ റൺവേ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് വെറും 300 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഈ റണ്‍വേ. യുദ്ധവിമാനങ്ങള്‍ക്ക് ഈ ദൂരം സഞ്ചരിക്കാന്‍ മിനിറ്റുകള്‍ മതിയാകും.

New Update
Untitled

ഡിബ്രുഗഡ്: വടക്കുകിഴക്കന്‍ ഇന്ത്യയുടെ സുരക്ഷാ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് അസമിലെ ഡിബ്രുഗഡില്‍ ആദ്യത്തെ അടിയന്തര ലാന്‍ഡിംഗ് സൗകര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച നടന്ന ചടങ്ങില്‍ വ്യോമസേനയുടെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ ഈ ഹൈവേ സ്ട്രിപ്പില്‍ ഇറങ്ങിയാണ് പ്രധാനമന്ത്രി പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.

Advertisment

യുദ്ധകാലത്തോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ വ്യോമസേനയുടെ എയര്‍ബേസുകള്‍ ശത്രുക്കള്‍ ആക്രമിച്ചാല്‍, വിമാനങ്ങള്‍ സുരക്ഷിതമായി ഇറക്കാനും പറന്നുയരാനും ഉപയോഗിക്കുന്ന ഹൈവേയുടെ ഭാഗമാണിത്. സാധാരണ ദിവസങ്ങളില്‍ ഇതുവഴി വാഹനങ്ങള്‍ സഞ്ചരിക്കുമെങ്കിലും, അത്യാവശ്യ ഘട്ടങ്ങളില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇതൊരു റണ്‍വേയായി മാറ്റാന്‍ സാധിക്കും.


ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് വെറും 300 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഈ റണ്‍വേ. യുദ്ധവിമാനങ്ങള്‍ക്ക് ഈ ദൂരം സഞ്ചരിക്കാന്‍ മിനിറ്റുകള്‍ മതിയാകും.

100 കോടി രൂപ ചിലവഴിച്ചാണ് 4.2 കിലോമീറ്റര്‍ നീളമുള്ള ഈ അത്യാധുനിക പാത നിര്‍മ്മിച്ചിരിക്കുന്നത്. തേജ്പൂര്‍, ചാബുവ എന്നീ എയര്‍ബേസുകള്‍ക്ക് ഇതൊരു മികച്ച 'ബാക്കപ്പ്' ആയി പ്രവര്‍ത്തിക്കും. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഇത് സഹായിക്കും.

ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി റഫാല്‍, സുഖോയ്-30 MKI എന്നീ യുദ്ധവിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും ഹൈവേയില്‍ ലാന്‍ഡിംഗും ടേക്ക്-ഓഫും നടത്തി കരുത്ത് തെളിയിച്ചു.


1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് പാകിസ്ഥാന്‍ ഇന്ത്യയുടെ പ്രധാന എയര്‍ബേസുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. അത്തരം സാഹചര്യങ്ങളില്‍ വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബദല്‍ സംവിധാനങ്ങള്‍ വേണമെന്ന തിരിച്ചറിവില്‍ നിന്നാണ് രാജ്യമുടനീളം ഇത്തരം ELF-കള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലുടനീളം ഇത്തരത്തിലുള്ള 28 ഇടങ്ങളാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.


വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷയ്ക്കും ചൈനയുമായുള്ള അതിര്‍ത്തിയിലെ പ്രതിരോധത്തിനും ഈ പുതിയ സംവിധാനം കരുത്തേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Advertisment