/sathyam/media/media_files/2026/03/09/untitled-2026-03-09-15-07-03.jpg)
മുംബൈ: ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടന്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 46 പൈസ ഇടിഞ്ഞ് 92.28 എന്ന നിലയിലെത്തി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 92.35-ന് തൊട്ടടുത്താണ് നിലവില്‍ രൂപയുടെ മൂല്യം.
പശ്ചിമേഷ്യയില്‍ അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമായത് ആഗോള വിപണിയെ പിടിച്ചുലച്ചു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഒറ്റയടിക്ക് 25.68 ശതമാനം വര്‍ദ്ധിച്ച് ബാരലിന് 116.5 ഡോളറില്‍ എത്തി. എണ്ണവില ഇനിയും ഉയര്‍ന്നാല്‍ രൂപയുടെ മൂല്യം 93 കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആഭ്യന്തര ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവും വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും രൂപയെ പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സ് 2,345 പോയിന്റും നിഫ്റ്റി 708 പോയിന്റും ഇന്ന് രാവിലെ ഇടിഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച 91.82 എന്ന നിലയിലായിരുന്നു രൂപയുടെ ക്ലോസിംഗ്. എന്നാല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതോടെ തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ രൂപ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us