കര്‍ണാടക: കര്‍ണാടകയിലെ രാമതീര്‍ത്ഥ കുന്നുകളിലെ ആളൊഴിഞ്ഞ ഗുഹയില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതിയെയും അവരുടെ രണ്ട് പെണ്‍മക്കളെയും പോലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി.
ബുധനാഴ്ച, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് ഗോകര്‍ണ പോലീസ് ഇവരെ കണ്ടെത്തിയത്.
കാട്ടിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള ഗുഹയിലാണ് 40 വയസ്സുള്ള നീന കുട്ടിനയും പെണ്‍മക്കളായ പ്രേമിയെയും അമയെയും പോലീസ് സംഘം കണ്ടെത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ എസ്.ആര്‍ നേതൃത്വം നല്‍കിയ സംഘമാണ് ഇവരെ കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് സുരക്ഷിതമായി കൊണ്ടുവന്നത്.
പിന്നീട്, ആത്മീയ നേതാവ് സ്വാമി യോഗരത്‌ന സരസ്വതിയുടെ സംരക്ഷണത്തില്‍ ബങ്കിക്കോഡ്‌ല ഗ്രാമത്തിലെ ഒരു ആശ്രമത്തിലേക്ക് ഇവരെ മാറ്റി.
ബിസിനസ് വിസയില്‍ ഇന്ത്യയിലെത്തിയ നീന, ഗോവയില്‍ നിന്ന് ഗോകര്‍ണയിലേക്ക് യാത്ര ചെയ്തതായിരുന്നു. ഹിന്ദു തത്ത്വചിന്തയിലും ആത്മീയ ഉണര്‍വിലുമുള്ള ആകര്‍ഷണമാണ് ഇവരെ ഈ യാത്രയിലേക്ക് പ്രേരിപ്പിച്ചത്.
പൊലീസ് വിനോദസഞ്ചാരികളോട് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും, അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് പോകാതിരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.