മുംബൈ: 2008 ലെ മുംബൈ ഭീകരാക്രമണം പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ മാറ്റിമറിച്ച ഒരു നിര്‍ണായക നിമിഷമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇത്തരം പ്രകോപനങ്ങള്‍ ഇനി സഹിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യക്കാര്‍ കൂട്ടായി തീരുമാനിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ ചരോതര്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ഒരു സംവാദ സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ദശകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വികസിച്ചുവെന്നും അതേസമയം പാകിസ്ഥാന്‍ അതിന്റെ 'ദുഷ്ശീലങ്ങളില്‍' കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാനെക്കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍, അവര്‍ക്കായി വിലപ്പെട്ട സമയം പാഴാക്കേണ്ട ആവശ്യമില്ലെന്ന് ജയ്ശങ്കര്‍ വിശദീകരിച്ചു.
ഇന്ത്യ മാറി. പാകിസ്ഥാനും മാറി എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍, പല തരത്തിലും അവര്‍ അവരുടെ മോശം ശീലങ്ങള്‍ തുടരുന്നു.
ഇന്ത്യയെ സമീപിക്കുന്നതില്‍ അവര്‍ വളരെ നിഷേധാത്മകമായ രീതിയാണ് പിന്തുടരുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍, 26/11 മുംബൈ ഭീകരാക്രമണമാണ് വഴിത്തിരിവ് എന്ന് ഞാന്‍ പറയും. ഒരു അയല്‍ക്കാരനില്‍ നിന്നുള്ള ഈ പെരുമാറ്റം രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആളുകള്‍ക്ക് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.