ഡല്‍ഹി: ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎസിലേക്ക്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ ക്ഷണപ്രകാരം ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അമേരിക്ക സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജനുവരി 21-ന് വാഷിംഗ്ടണില്‍ നടന്ന മുന്‍ യോഗത്തിലെ ചര്‍ച്ചകള്‍ അടിസ്ഥാനമാക്കി ജൂലൈ 1-ന് ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം നടക്കും.
ഈ യോഗത്തില്‍ പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയും, ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് മുമ്പ് വിവിധ ക്വാഡ് സംരംഭങ്ങളില്‍ കൈവരിച്ച പുരോഗതി അവലോകനം ചെയ്യുകയും ചെയ്യും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് എന്ന പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ട് നയിക്കുന്ന പുതിയ നിര്‍ദ്ദേശങ്ങളെക്കുറിച്ച് മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ്, ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രധാന ഗ്രൂപ്പായി ഉയര്‍ന്നിട്ടുണ്ട്.