മുട്ട ഇനി ധൈര്യമായി കഴിക്കാം ! മുട്ടയിൽ കാൻസറിന് കാരണമായ ഘടകങ്ങളുണ്ടെന്ന പ്രചാരണം ശാസ്ത്രീയ അടിസ്ഥാനം ഇല്ലാത്തത്; രാജ്യത്ത് ലഭ്യമായ മുട്ടകൾ പൂർണമായും സുരക്ഷിതമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ

New Update
1105558-uae-is-about-to-increase-the-price-of-chicken-and-eggs

ഡൽഹി: മുട്ടയിൽ കാൻസറിന് കാരണമായ ഘടകങ്ങൾ കണ്ടെത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതവും ശാസ്ത്രീയ തെളിവുകളില്ലാത്തതുമാണെന്ന് ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വ്യക്തമാക്കി. 

Advertisment

രാജ്യത്ത് ലഭ്യമായ മുട്ടകൾ മനുഷ്യർക്ക് സുരക്ഷിതമാണെന്നും പൊതുജനങ്ങളിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കാനുള്ള തെറ്റിദ്ധാരണകളാണ് ചില റിപ്പോർട്ടുകൾ സൃഷ്ടിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.

അടുത്തിടെ ചില മാധ്യമ റിപ്പോർട്ടുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും മുട്ടയിൽ നൈട്രോഫ്യൂറാൻ മെറ്റബോളൈറ്റുകൾ (AOZ) എന്ന കാൻസർകാരക വസ്തുക്കൾ സാന്നിധ്യമുണ്ടെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് FSSAIയുടെ വിശദീകരണം. ഇത്തരം അവകാശവാദങ്ങൾ ശാസ്ത്രീയമായി പിന്തുണയ്ക്കപ്പെടുന്നതല്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

കോഴി വളർത്തലിന്റെയും മുട്ട ഉൽപാദനത്തിന്റെയും ഏത് ഘട്ടത്തിലും നൈട്രോഫ്യൂറാൻ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് 2011ലെ ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (കണ്ടാമിനന്റ്സ്, ടോക്സിൻസ് ആൻഡ് റെസിഡ്യൂസ്) റെഗുലേഷൻസ്’ പ്രകാരം FSSAI അറിയിച്ചു. 

നൈട്രോഫ്യൂറാൻ മെറ്റബോളൈറ്റുകൾക്കായി കിലോഗ്രാമിന് 1.0 മൈക്രോഗ്രാം എന്ന എക്സ്ട്രാനിയസ് മാക്സിമം റെസിഡ്യൂ ലിമിറ്റ് (EMRL) നിശ്ചയിച്ചിരിക്കുന്നത് നിയന്ത്രണ നടപടികൾക്കായുള്ള പരിശോധനാ മാനദണ്ഡം മാത്രമാണെന്നും, അതിന്റെ അർഥം ഉപയോഗത്തിന് അനുമതിയുണ്ടെന്നല്ലെന്നും അധികൃതർ വ്യക്തമാക്കി.

EMRL-നു താഴെയുള്ള അളവിൽ കണ്ടെത്തുന്ന സൂക്ഷ്മ അവശിഷ്ടങ്ങൾ ഭക്ഷ്യസുരക്ഷാ ലംഘനമോ ആരോഗ്യത്തിന് ഭീഷണിയോ സൂചിപ്പിക്കുന്നതല്ലെന്നും FSSAI വ്യക്തമാക്കി. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ ചട്ടക്കൂട് അന്താരാഷ്ട്ര മാനദണ്ഡങ്ങളോട് ഒത്തുചേരുന്നതാണെന്നും, യൂറോപ്യൻ യൂണിയനും യുഎസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമാന നിയന്ത്രണങ്ങളും പരിശോധനാ മാനദണ്ഡങ്ങളും പിന്തുടരുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.

ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഭക്ഷണത്തിലൂടെ സൂക്ഷ്മതലത്തിൽ നൈട്രോഫ്യൂറാൻ മെറ്റബോളൈറ്റുകൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നതും കാൻസറോ മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോ തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന തെളിവുകളില്ലെന്നും FSSAI ചൂണ്ടിക്കാട്ടി. സാധാരണ മുട്ട ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് ദേശീയമോ അന്താരാഷ്ട്രമോ ആയ ആരോഗ്യ ഏജൻസികൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

Advertisment