സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡൽഹി കോടതി; നീതി ലഭിച്ചില്ലെന്ന് ഇരകളുടെ കുടുംബങ്ങൾ

1984 നവംബര്‍ ഒന്നിനും രണ്ടിനുമായി നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2015-ല്‍ പ്രത്യേക അന്വേഷണ സംഘമാണ് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.

New Update
Untitled

ഡല്‍ഹി: 1984-ലെ സിഖ് വിരുദ്ധ കലാപത്തിനിടെ ഡല്‍ഹിയിലെ ജനക്പുരി, വികാസ്പുരി മേഖലകളില്‍ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിനെ ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കി. വ്യാഴാഴ്ച പ്രത്യേക ജഡ്ജി ദിഗ് വിനയ് സിംഗാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ സജ്ജന്‍ കുമാറിന്റെ സാന്നിധ്യം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.

Advertisment

1984 നവംബര്‍ ഒന്നിനും രണ്ടിനുമായി നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2015-ല്‍ പ്രത്യേക അന്വേഷണ സംഘമാണ് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.


ജനക്പുരി സംഭവത്തില്‍ സോഹന്‍ സിംഗും മരുമകന്‍ അവ്താര്‍ സിംഗും കൊല്ലപ്പെട്ട കേസും വികാസ്പുരി സംഭവത്തിലെ ഗുര്‍ചരണ്‍ സിംഗ് എന്നയാളെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലും കലാപമുണ്ടാക്കല്‍, ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് സജ്ജന്‍ കുമാറിനെതിരെ ചുമത്തിയിരുന്നത്.

സംഭവം നടന്ന് 36 വര്‍ഷത്തിന് ശേഷമാണ് സജ്ജന്‍ കുമാറിന്റെ പേര് ഈ കേസിലേക്ക് വലിച്ചിഴച്ചതെന്ന് പ്രതിഭാഗം വാദിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് കോടതി വിലയിരുത്തി. താന്‍ നിരപരാധിയാണെന്നും സ്വപ്നത്തില്‍ പോലും ഇത്തരമൊരു പ്രവര്‍ത്തി ചെയ്യില്ലെന്നും സജ്ജന്‍ കുമാര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.


കോടതി വിധി കേട്ട് ഇരകളുടെ കുടുംബാംഗങ്ങള്‍ കോടതി മുറ്റത്ത് പൊട്ടിക്കരഞ്ഞു. 'ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല, 40 വര്‍ഷമായി ഞങ്ങള്‍ പോരാടുന്നു. ഹൈക്കോടതിയെ സമീപിക്കും,' എന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സജ്ജന്‍ കുമാറിനെ തൂക്കിലേറ്റണമെന്നും കുടുംബത്തിലെ പത്തോളം പേരെ തനിക്ക് നഷ്ടപ്പെട്ടുവെന്നും ഒരു വയോധിക വികാരാധീനയായി പറഞ്ഞു.


ഈ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടുവെങ്കിലും സജ്ജന്‍ കുമാറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. 1984-ലെ കലാപവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകളില്‍ (പാലം കോളനി, സരസ്വതി വിഹാര്‍ കേസുകള്‍) ഇയാള്‍ക്ക് നേരത്തെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. നിലവില്‍ തിഹാര്‍ ജയിലിലാണ് അദ്ദേഹം കഴിയുന്നത്.

Advertisment