മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ബാന്ദ്രയിലെ വസതിക്ക് പുറത്ത് നിരവധി വെടിവയ്പ്പുകള്‍ നടന്ന് കൃത്യം ഒരു വര്‍ഷത്തിന് ശേഷമാണ് പുതിയ ഭീഷണി.
ഇത്തവണ, മുംബൈയിലെ വോര്‍ലിയിലെ ഗതാഗത വകുപ്പിന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം എത്തിയിരിക്കുന്നത്. നടന്റെ വീട്ടില്‍ കയറി കൊല്ലുമെന്നും കാര്‍ ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്നും സന്ദേശത്തില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന്, വോര്‍ലി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭീഷണിയുടെ ഉറവിടവും ആധികാരികതയും അധികൃതര്‍ അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബോളിവുഡ് നടന് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികള്‍ ലഭിച്ചിട്ടുണ്ട്.
1998 ലെ കൃഷ്ണമൃഗ വേട്ട കേസുമായി ബന്ധപ്പെട്ടാണ് സല്‍മാന്‍ ഖാനെ സംഘം ലക്ഷ്യം വക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.