/sathyam/media/media_files/2026/02/25/samyukta-kisan-morcha-2026-02-25-09-47-31.jpg)
കുരുക്ഷേത്ര: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച.
ഹരിയാനയിലെ കുരുക്ഷേത്രയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന മാര്‍ച്ച് 9-ന് ഡല്‍ഹി ജന്തര്‍ മന്ദറില്‍ 'തൊഴിലാളി-കര്‍ഷക പാര്‍ലമെന്റ്' സംഘടിപ്പിക്കും.
വ്യാപാര കരാറിന്റെ ദോഷഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും 'കിസാന്‍ മഹാപഞ്ചായത്തുകള്‍' നടത്തും. മാര്‍ച്ച് 10-ന് പഞ്ചാബിലെ ബര്‍ണാലയില്‍ ഇതിന് തുടക്കമാകും. ഏപ്രില്‍ 13 വരെ പ്രചാരണം തുടരും.
കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ നീക്കം ചെയ്യണമെന്നും വ്യാപാര കരാറില്‍ ഒപ്പിടരുതെന്നും ആവശ്യപ്പെട്ട് കര്‍ഷകര്‍ രാഷ്ട്രപതിക്ക് തുറന്ന കത്തയക്കും. പ്രാദേശിക പോസ്റ്റ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തിക്കൊണ്ടായിരിക്കും കത്തുകള്‍ അയക്കുക.
ഫെബ്രുവരി 27 മുതല്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും കര്‍ഷക പ്രതിനിധികള്‍ നേരിട്ട് കാണും. നികുതി വിഹിതം 33 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നും ജിഎസ്ടി നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള നികുതി അധികാരം പുനഃസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെടും.
'അമേരിക്കയുമായുള്ള വ്യാപാര കരാര്‍ കര്‍ഷകരെ മാത്രമല്ല, തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും ദോഷകരമായി ബാധിക്കും. കര്‍ഷകരുടെ പ്രത്യയശാസ്ത്ര വിപ്ലവം ആരംഭിച്ചു കഴിഞ്ഞു.' കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
ജോഗീന്ദര്‍ സിംഗ് ഉഗ്രഹാന്‍, രാകേഷ് ടിക്കായത്ത്, അശോക് ധാവ്ളെ തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കേരളം ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 150-ഓളം പ്രതിനിധികള്‍ പങ്കെടുത്തു.
ഗോതമ്പ്, നെല്ല് കര്‍ഷകര്‍ക്ക് നല്‍കുന്ന ബോണസ് നിര്‍ത്തലാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും കേന്ദ്ര ധനമന്ത്രിയോട് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us