സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി: ഗുരുഗ്രാമിൽ ലിവിങ് ഇൻ പങ്കാളിക്കെതിരെ ത്രിപുര സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതി

ഗുരുഗ്രാം സെക്ടര്‍ 10-ലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി.

New Update
Untitled

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ത്രിപുര സ്വദേശിനിയായ 19 വയസ്സുകാരിക്ക് നേരെ ലിവിങ് ഇന്‍ പങ്കാളിയുടെ ക്രൂരമര്‍ദ്ദനം. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ സാനിറ്റൈസര്‍ ഒഴിച്ച് തീ കൊളുത്തിയതായും നിരന്തരം മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിയായ ശിവം എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

ഗുരുഗ്രാമിലെ ബാദ്ഷാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഫെബ്രുവരി 19-നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.


ബി.എസ്സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സെക്ടര്‍ 69-ലെ പിജി ഹോസ്റ്റലിലായിരുന്നു താമസം. 2025 സെപ്റ്റംബറില്‍ ഒരു ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് ഡല്‍ഹി നരേല സ്വദേശിയായ ശിവത്തെ പരിചയപ്പെട്ടത്. സൗഹൃദം വളര്‍ന്നതോടെ ഇരുവരും നേരിട്ട് കാണാന്‍ തുടങ്ങി. വിവാഹവാഗ്ദാനം നല്‍കി ശിവം തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് ഗുരുഗ്രാമില്‍ ഒരുമിച്ച് താമസം തുടങ്ങിയെന്നും പെണ്‍കുട്ടി പറഞ്ഞു.


താമസിയാതെ ശിവം പെണ്‍കുട്ടിയെ സംശയിക്കാന്‍ തുടങ്ങുകയും നിരന്തരം മര്‍ദ്ദിക്കുകയും ചെയ്തു. ഫെബ്രുവരി 16-ന് രാത്രി വിവാഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഇയാള്‍ മെറ്റല്‍ കുപ്പി കൊണ്ട് അടിക്കുകയും പെണ്‍കുട്ടിയുടെ തല ചുവരിലും ഫര്‍ണിച്ചറുകളിലും ഇടിപ്പിക്കുകയും ചെയ്തു.

തുടര്‍ന്നാണ് സാനിറ്റൈസര്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. കത്തി കൊണ്ട് കാലുകളില്‍ പരിക്കേല്‍പ്പിക്കുകയും ഇനി ഒരിക്കലും നടക്കാന്‍ കഴിയാത്ത വിധം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.


പ്രതി തന്റെ നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഫെബ്രുവരി 18-ന് രാത്രി ശിവത്തിന്റെ ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി തന്റെ അമ്മയ്ക്ക് രഹസ്യമായി സന്ദേശമയച്ചു. അമ്മ ഉടന്‍ തന്നെ 112 എന്ന എമര്‍ജന്‍സി ഹെല്‍പ്പ് ലൈനില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.


ഗുരുഗ്രാം സെക്ടര്‍ 10-ലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യനില മെച്ചപ്പെട്ട ശേഷം രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗുരുഗ്രാം പോലീസ് വക്താവ് സന്ദീപ് കുമാര്‍ വ്യക്തമാക്കി.

Advertisment