Advertisment

'ഷിൻഡെ സർക്കാരിൻ്റെ കീഴിൽ ഗുണ്ടാരാജ്': സഞ്ജയ് റാവത്ത്

New Update
sajnay

 ഡല്‍ഹി: ഫെയ്‌സ്ബുക്ക് ലൈവ് സ്‌ട്രീമിനിടെ പാർട്ടി നേതാവ് അഭിഷേക് ഘോഷാൽക്കറെ മൗറിസ് നൊറോണ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്.

Advertisment

ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ മഹാരാഷ്ട്രയിൽ ഗുണ്ടാരാജ് നടക്കുന്നുണ്ടെന്നാണ് റാവത്തിന്റെ ആരോപണം. നാലു ദിവസം മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മൗറിസ് നൊറോണ എത്തിയിരുന്നതായും ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പമുള്ള ചിത്രവും റാവത്ത് പങ്കുവച്ചു. 

"നിങ്ങളുടെ ഇഡി, സിബിഐ ഇപ്പോൾ എവിടെയാണ്?" മഹാരാഷ്ട്രയിലെ ഗുണ്ടാരാജിൻ്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഉണ്ടെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.

മുംബൈയിൽ ശിവസേന (യുബിടി) നേതാവ് ഫേസ്ബുക്ക് ലൈവിനിടെയാണ് വെടിയേറ്റ് മരിച്ചത്. ഉദ്ധവ് താക്കറെ വിഭാഗം നേതാവ് അഭിഷേക് ഘോഷാൽക്കർ ആണ് കൊല്ലപ്പെട്ടത്. പാർട്ടിയുടെ മുൻ എംഎൽഎ വിനോദ് ഘോഷാൽക്കറുടെ മകനും മുംബൈ കോർപറേഷൻ മുൻ അംഗവുമാണ് അഭിഷേക്.

മുംബൈ സബർബനിലെ ബോറിവലിയിൽ വെച്ച് മൗറീസ് ഭായ് എന്നറിയപ്പെടുന്ന മൗറിസ് നൊറോണയുമായി ഫേസ്ബുക് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് അഭിഷേകിന് വെടിയേറ്റത്. അഭിഷേകിന് നേരെ വെടിയുതിർത്ത മൗറിസ് നൊറോണ പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് അറിയിച്ചു. 

അഭിഷേകിനെ വെടിയേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. ബോറിവാലിയിലെ മൗറിസ് നൊറോണയുടെ ഓഫീസിലാണ് ആക്രമണം നടന്നത്. അഭിഷേകിനെ മൗറിസ് ഓഫീസിലേക്ക് ക്ഷണിക്കുകയും ഫേസ്ബുക്കിൽ ലൈവ് സ്ട്രീം ആരംഭിക്കുകയും ചെയ്തു.

തത്സമയ സെഷൻ കഴിഞ്ഞ് അഭിഷേക് എഴുന്നേറ്റപ്പോഴാണ് മൗറിസ് അഞ്ച് തവണ വെടി ഉതിർത്തത്. ആദ്യം പുറത്തേക്ക് പോയ മൗറിസ് കുറച്ച് സമയത്തിന് ശേഷം തിരികെ വന്ന് അഭിഷേകിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അഭിഷേകിന് വെടിയേൽക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Advertisment