പഹൽഗാമിലെ ഭീകരാക്രമണത്തിലെ പ്രതികരണം തരൂരിന്റെ ബി.ജെ.പി പ്രവേശനം വീണ്ടും ചർച്ചയാക്കുന്നു. രഹസ്യാന്വേഷണത്തിലുണ്ടായ വീഴ്ചയല്ല ഇപ്പോൾ ചർച്ചയാക്കേണ്ടതെന്നും ഇതൊക്കെ ഏതൊരു രാജ്യത്തും സംഭവിക്കാവുന്നതാണെന്നും തരൂർ. ഒരു രാജ്യത്തിനും 100% കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനമില്ല. ഇപ്പോൾ ശ്രമിക്കേണ്ടത് പ്രതിസന്ധി മറികടക്കാൻ. കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന തരൂർ മറുകണ്ടം ചാടുമോ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കാശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ രഹസ്വാന്വേഷണത്തിലുണ്ടായ വീഴ്ചയല്ല ഇപ്പോൾ ചർച്ചയാക്കേണ്ടതെന്നും ഇത്തരം വീഴ്ചകൾ ഏതൊരു രാജ്യത്തും സംഭവിക്കാവുന്നതാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന്റെ രക്ഷയ്ക്ക് ശശിതരൂർ വീണ്ടും രംഗത്തെത്തിയതോടെ അദ്ദേഹത്തിന്റെ ബി.ജെ.പി അനുഭാവം വീണ്ടും ചർച്ചാവിഷയമാവുകയാണ്.

Advertisment

തിരുവനന്തപുരം എം.പിയായ തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൂടിയാണ്. ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനുണ്ടായ സുരക്ഷാ വീഴ്ചയെ രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷം രൂക്ഷമായി വിമർശിക്കുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി തരൂർ രംഗത്തെത്തിയത്. ഇത് കോൺഗ്രസിന് വീണ്ടും തലവേദനയുണ്ടാക്കുന്നതാണ്.


തിരുവനന്തപുരത്ത് പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത ശേഷം വാർത്താ ഏജൻസിയോട് സംസാരിക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം.


 ഭീകരാക്രമണം തടയുന്നതിൽ രഹസ്വാന്വേഷണത്തിലുണ്ടായ വീഴ്ചയല്ല ഇപ്പോൾ ചർച്ചയാക്കേണ്ടത്. ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനം ഉണ്ടാവില്ലെന്ന് ഇസ്രയേലിലെ ഹമാസ് ആക്രമണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

India summons top Pakistan diplomat in Delhi after Pahalgam terror attack

സുരക്ഷാ വീഴ്ച പിന്നീട് പരിശോധിക്കേണ്ടതാണ്. നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോൾ ലക്ഷ്യമാക്കേണ്ടത്. സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പിന്നീടാവശ്യപ്പെടാം. വിജയകരമായി പരാജയപ്പെടുത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മൾ ഒരിക്കലും അറിയുന്നില്ല.


തടയുന്നതിൽ പരാജയപ്പെടുന്ന ചിലത് മാത്രമാണ് അറിയുന്നത്. ഇത് ഏതൊരു രാജ്യത്തും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.


ഏറെക്കാലമായി തരൂരും കോൺഗ്രസും രണ്ടു വഴിയിലാണ്. ജനങ്ങൾക്ക് തന്നെ വേണമെന്നാണ് കരുതുന്നതെന്നും പാർട്ടി അതു മനസിലാക്കിയില്ലെങ്കിൽ സ്വന്തം വഴിക്കു പോകുമെന്നും ശശി തരൂർ നേരത്തേ വിശദീകരിച്ചിരുന്നു. കേരളത്തിലെ ആളുകളുടെ മനസിൽ ഇടമുണ്ടെന്ന് തോന്നുന്നു.

പാർട്ടി അത് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവിടെ തുടരും.പാർട്ടിക്ക് വേണ്ടെങ്കിൽ, ഞാൻ എന്റെ വഴിക്ക് പോകും.എഴുത്തും വായനയും പ്രസംഗവും അടക്കം മറ്റ് വഴികളുണ്ട്. ലോകമെമ്പാടും നിന്ന് ക്ഷണമുണ്ടെങ്കിലും രാഷ്ട്രീയവും പാർലമെന്റും കാരണം പലതിലും പങ്കെടുക്കാൻ കഴിയുന്നില്ല.


ഐക്യരാഷ്ട്രസഭയിൽ നിന്ന് വിട്ടശേഷം, നല്ല വരുമാനത്തിൽ അമേരിക്കയിൽ സുഖമായി ജീവിച്ചിരുന്നതാണ്. ഈ രാജ്യത്തെ സേവിക്കാനാണ് യു.എന്നിൽ നിന്ന് തിരിച്ചുവന്നത്.


publive-image

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിലപാടും എടുത്തിട്ടില്ല. പാർട്ടിയുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. തിരുവനന്തപുരത്ത് പാർട്ടിക്ക് അതീതമായി വോട്ടു ലഭിച്ചിട്ടുണ്ട്. എന്റെ സംസാരവും പെരുമാറ്റവും ആളുകൾക്ക് ഇഷ്ടമാണ്. 

കോൺഗ്രസ് പാർട്ടിയെ ഇഷ്ടമില്ലാത്തവരും വോട്ട് ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ ഞാൻ ജയിക്കില്ലായിരുന്നു. ദേശീയ തലത്തിലും കേരളത്തിലും പരമ്പരാഗത വോട്ടുകൾ കൊണ്ട് മാത്രം കോൺഗ്രസിന് ജയിക്കാനാകില്ല.

10 വർഷമായി പിന്തുണയ്ക്കാത്തവരുടെ വോട്ടുകൾ തേടണം. പരമ്പരാഗത വോട്ടുകളെ മാത്രം ആശ്രയിച്ചാൽ കോൺഗ്രസ് കേരളത്തിൽ പ്രതിപക്ഷത്ത് തന്നെ തുടരും. മുന്നണിയിലെ ചില പാർട്ടികളും ഇക്കാര്യത്തിൽ യോജിക്കുന്നു- ഇതായിരുന്നു തരൂരിന്റെ വാക്കുകൾ.


അതേസമയം, തരൂർ ബി.ജെ.പിയിലേക്ക് പോവുമെന്ന അഭ്യൂഹം ഇപ്പോഴും ശക്തമായി തുടരുകയാണ്. തരൂരിനെ ബിജെപി നേരത്തേ സ്വാഗതം ചെയ്തിരുന്നു. കേന്ദ്രത്തിലെ ഉന്നതരുമായി തരൂർ ചർച്ച നടത്തിയെന്നും വിവരം പുറത്തുവന്നിരുന്നു.


പാർട്ടി ഹൈക്കമാൻഡ് തന്നെ അവഗണിക്കുന്നെന്നും രണ്ടാംനിര നേതാവിന്റെ പരിഗണനയേ നൽകുന്നുള്ളൂവെന്നും ലോക്‌സഭയിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷസ്ഥാനം തന്നെ അവഗണിച്ച് കെ.സി.വേണുഗോപാലിന് നൽകിയെന്നുമൊക്കെയാണ് തരൂരിന്റെ പരാതികൾ.

tharoor

രാഹുൽ ഗാന്ധിയെ നേരിൽക്കണ്ട് പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായിട്ടില്ല. എന്നാൽ ബി.ജെ.പി പ്രവേശനം തരൂർ ഇതുവരെ അംഗീകരിച്ചിട്ടില്ല.

ബി.ജെ.പിയിൽ പോയാൽ ജീവിതകാലം മുഴുവൻ താൻ എഴുതുകയും സംസാരിക്കുകയും ചെയ്തതിന് വിരുദ്ധമാവുമെന്നും മതനിരപേക്ഷതയ്ക്കായി പോരാടുന്നയാൾ എങ്ങനെ ബിജെപിയിൽ ചേരുമെന്നുമാണ് അദ്ദേഹവുമായി അടുപ്പമുള്ളവ‌ർ ചോദിക്കുന്നത്. 


അതേസമയം, പ്രായോഗിക രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായ തരൂരിന് മറുകണ്ടം ചാടാൻ കാരങ്ങൾ ഉണ്ടാക്കാൻ ഏറെ സമയം വേണ്ടിവരില്ലെന്നതാണ് വാസ്തവം. കേരളത്തിൽ നിന്നുള്ള ചില നേതാക്കന്മാരും എം.പിമാരും തന്നെ കണ്ടുവെന്നും അവർ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു.


അടുത്തിടെ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെ തരൂർ കണ്ടിരുന്നു. ജ്യത്ത് ഹിന്ദുമതത്തിന്റെ പേരിൽ നടക്കുന്ന ചില കാര്യങ്ങൾ ശരിയല്ലെന്നും മോഹൻ ഭഗവത് ആ വിഷയത്തിൽ നേരിട്ട് സംസാരിക്കണമെന്നും താൻ ആവശ്യപ്പെട്ടതായാണ് തരൂർ പറയുന്നത്.

ഭരണഘടനയെ മാറ്റണം, ഹിന്ദു രാഷ്ട്രമുണ്ടാക്കണം എന്നായിരുന്നു ആർ.എസ്.എസിന്റെ മുമ്പുണ്ടായിരുന്ന നേതാക്കളെല്ലാം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത്തെ നേതാവ് മോഹൻ ഭഗവത് അങ്ങിനെ പറഞ്ഞിട്ടില്ല.

ഹിന്ദു രാഷ്ട്രമെന്ന് പറഞ്ഞാൽ മുസ്‍ലിംകൾക്കും കൃസ്ത്യാനികൾക്കും സ്ഥലമില്ല എന്നല്ല അർഥമെന്നും എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന ഒന്നാണെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും അതിൽ തനിക്ക് പ്രശ്നമില്ലെന്നും തരൂർ പറഞ്ഞിരുന്നു.

ബി.ജെ.പി പ്രവേശനത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം വിവേകാനന്ദന്റെ ഹിന്ദുമത സങ്കൽപമാണ് തന്റെ വിശ്വാസമെന്നാണ് തരൂരിന്റെ മറുപടി.

Advertisment