ബെംഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവുശിക്ഷ. സെയില്‍ ഉള്‍പ്പെടെ ഏഴു പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
മോഷണം, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സെയിൽ ശിക്ഷിക്കപ്പെട്ടത്.
ബല്ലാരിയിൽ അനധികൃതമായി ഖനനം ചെയ്ത കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഇരുമ്പയിര് 2010ൽ ബെലേക്കേരി തുറമുഖത്ത് സൂക്ഷിച്ചിരുന്നു. എന്നാൽ, പ്രതികൾ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് ഇത് ചൈനയിലേക്ക് കടത്തിയെന്നാണ് കേസ്.
അന്നത്തെ തുറമുഖ ഡെപ്യൂട്ടി കൺസർവേറ്റർ മഹേഷ് ജെ ബിലിയെ, ആശാപുര മിനെചെം എംഡി ചേതൻ ഷാ, കെ വി നാഗരാജ് എന്ന സ്വസ്തിക നാഗരാജ്, കെ വി എൻ ഗോവിന്ദരാജ്, വെങ്കിടേശ്വര മിനറൽസ് പാർട്ണർ കാരപ്പുടി മഹേഷ് കുമാർ, ലാൽ മഹൽ ലിമിറ്റഡ് എംഡി പ്രേംചന്ദ് ഗാർഗ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന് നേതൃത്വം നല്‍കിയ വ്യക്തിയെന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചതനാണ് സതീഷ് കൃഷ്ണ സെയില്‍.