/sathyam/media/media_files/2025/09/17/sbi-2025-09-17-20-45-08.jpg)
ബെംഗളൂരു: വിജയപുരയിൽ എസ്ബിഐ ബ്രാഞ്ചിൽ നിന്ന് 1.04 കോടി രൂപയും 20 കിലോ സ്വർണവും കവർന്ന സംഭവത്തിൽ മോഷ്ടാക്കൾ എത്തിയത് സൈനിക വേഷത്തിലെന്ന് വിവരം. അഞ്ചുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നാടൻ തോക്കുകളും മറ്റു മാരകായുധങ്ങളും ഇവരുടെ കയ്യിലുണ്ടായിരുന്നുവെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിജയപുരയിലെ ചദ്ചന ടൗണിലെ എസ്ബിഐ ശാഖയിൽ വൻ കൊള്ള നടന്നത്. വൈകീട്ട് 6.30ഓടെ അന്നത്തെ പ്രവൃത്തി സമയം അവസാനിച്ച നേരത്താണു കവർച്ച. സൈനിക യൂണിഫോമിന് സമാനമായ വസ്ത്രം ധരിച്ച് എത്തിയ കവർച്ചക്കാരിൽ മൂന്നുപേർ ബാങ്കിന് അകത്തു കയറുകയും രണ്ടുപേർ പുറത്തു കാവൽ നിൽക്കുകയുമായിരുന്നു.
മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരെ തോക്കുകാട്ടി ബന്ദിയാക്കി. ബാങ്കിനുള്ളിൽനിന്ന് ഏതാനും വെടിയുണ്ടകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ബാങ്കിലെ സുരക്ഷാ ജീവനക്കാരൻ അവധിയിലായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
തൊപ്പിയും കണ്ണടയും ധരിച്ച, മാസ്ക് വെച്ച ഒരു യുവാവാണ് ബാങ്കിൽ ആദ്യം എത്തിയതെന്നാണ് മാനേജർ മൊഴി നൽകിയത്. അപേക്ഷ ഫോം നൽകാനെന്ന ഭാവത്തിൽ ഇയാൾ മാനേജരുടെ കാബിനിൽ കയറി. മാനേജരും മറ്റൊരു ജീവനക്കാരനും സ്ട്രോങ് റൂമിന്റെ സമീപത്തേക്ക് പോയപ്പോൾ ഇയാൾ പിന്നാലെയെത്തി തോക്കു ചൂണ്ടുകയായിരുന്നു. പിന്നാലെ കൂടുതൽ പേർ തോക്കുമായി എത്തി ജീവനക്കാരെ കൈയും കാലും കെട്ടി ബന്ദികളാക്കിയാണ് സ്വർണവും പണവും കവർന്നത്.
വലിയ ആസൂത്രണത്തോടെ നടപ്പാക്കിയ കവർച്ചയാണിതെന്നാണു പൊലീസിന്റെ നിഗമനം. കവർച്ചക്കാർ മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള സാധ്യതയുമുണ്ടെന്നു പൊലീസ് പറയുന്നു