/sathyam/media/media_files/2026/02/25/untitled-2026-02-25-15-53-50.jpg)
ഡല്‍ഹി: ബിഎസ്എന്‍എല്‍ ഡയറക്ടറുടെ പ്രയാഗ്രാജ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയ അതിരുകടന്ന പ്രോട്ടോക്കോള്‍ ക്രമീകരണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
സംഭവത്തില്‍ ബിഎസ്എന്‍എല്‍ ഡയറക്ടര്‍ വിവേക് ബന്‍സാലിന് മന്ത്രി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. ഉദ്യോഗസ്ഥന്റെ നടപടി 'അനുചിതവും അസ്വീകാര്യവുമാണെന്ന്' സിന്ധ്യ വ്യക്തമാക്കി.
ഫെബ്രുവരി 25-ന് വിവേക് ബന്‍സാല്‍ പ്രയാഗ്രാജില്‍ നടത്താനിരുന്ന സന്ദര്‍ശനത്തിന് മുന്നോടിയായി പ്രാദേശിക ഓഫീസ് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളാണ് വിവാദമായത്. സന്ദര്‍ശനത്തിനായി 50-ഓളം ജീവനക്കാരെയാണ് വിവിധ ജോലികള്‍ക്കായി നിയോഗിച്ചിരുന്നത്.
ഡയറക്ടറുടെ ഗംഗാസ്നാനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം, അദ്ദേഹത്തിന്റെ തോര്‍ത്ത്, അടിവസ്ത്രങ്ങള്‍ എന്നിവയുടെ കാര്യങ്ങള്‍ നോക്കാന്‍ പോലും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി.
റിപ്പോര്‍ട്ടുകള്‍ കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് ജ്യോതിരാദിത്യ സിന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
'ഇത് നിയമങ്ങളുടെയും പാരമ്പര്യങ്ങളുടെയും ലംഘനമാണ്. നമുക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയില്ല. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണെന്ന് ഓര്‍ക്കണം. പൊതുസേവനത്തില്‍ ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ല.' ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പ്രോട്ടോക്കോള്‍ ഉത്തരവ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തതോടെ സന്ദര്‍ശനം തലേദിവസം റദ്ദാക്കി.
ഈ സംഭവം സ്ഥാപനത്തിന്റെ പ്രൊഫഷണല്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും ബിഎസ്എന്‍എല്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us