/sathyam/media/media_files/2025/09/13/scrappage-2025-09-13-13-18-08.jpg)
ഡല്‍ഹി: രാജ്യത്തെ മലിനീകരണമുണ്ടാക്കുന്ന 97 ലക്ഷം വാഹനങ്ങളും ജങ്ക് ആക്കി മാറ്റിയാല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ജിഎസ്ടി രൂപത്തില്‍ 40,000 കോടി രൂപ വരെ നേട്ടമുണ്ടാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.
ഓഗസ്റ്റ് വരെ 1.41 ലക്ഷം സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് ലക്ഷം വാഹനങ്ങള്‍ ജങ്ക് ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'ഞങ്ങളുടെ കണക്കനുസരിച്ച് ഏകദേശം 97 ലക്ഷം വാഹനങ്ങള്‍ സ്‌ക്രാപ്പ് ആക്കി മാറ്റേണ്ടതുണ്ട്. ഇത് സംഭവിച്ചാല്‍ 70 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും, കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ജിഎസ്ടി വരുമാനമായി ഏകദേശം 40,000 കോടി രൂപ ലഭിക്കും,' ഓട്ടോമൊബൈല്‍ ഘടക നിര്‍മ്മാതാക്കളുടെ സംഘടനയായ 'എസിഎംഎ'യുടെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഗഡ്കരി പറഞ്ഞു.
വാഹനം പൊളിച്ചുമാറ്റിയതിന്റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ കുറഞ്ഞത് അഞ്ച് ശതമാനം കിഴിവ് നല്‍കണമെന്ന് അദ്ദേഹം സ്വകാര്യ മേഖലയോട് അഭ്യര്‍ത്ഥിച്ചു.
നിലവില്‍ പ്രതിമാസം ശരാശരി 16,830 വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്നുണ്ടെന്നും സ്വകാര്യ മേഖല ഈ മേഖലയില്‍ 2,700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഊര്‍ജ്ജ സുരക്ഷയിലും ഇന്ധന ഇറക്കുമതിയിലും ഗഡ്കരി ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്ത്യ പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപയുടെ പെട്രോള്‍-ഡീസല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ടെന്നും കാര്‍ഷിക മേഖലയില്‍ നിന്നുള്ള എത്തനോള്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ എഞ്ചിന്‍ പരിഷ്‌കാരങ്ങളോടെയാണ് നിലവില്‍ ഇ-20 പെട്രോള്‍ ഉപയോഗിക്കുന്നത്, അതേസമയം എല്ലാ അന്വേഷണങ്ങളും പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഇ-27 മിക്‌സ് ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനം എടുക്കൂ.
റോഡ് സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, 2023 ല്‍ അഞ്ച് ലക്ഷം റോഡപകടങ്ങള്‍ ഉണ്ടായതായും അതില്‍ 1.8 ലക്ഷം പേര്‍ മരിച്ചതായും പറഞ്ഞു. ഇതില്‍ 66 ശതമാനവും 18-34 വയസ്സിനിടയിലുള്ളവരായിരുന്നു.