ഡൽഹി ∙ ഡൽഹി സർവകലാശാലയിൽ 5100 ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. 3 ഘട്ട പ്രവേശന നടപടികൾ പൂർത്തിയായിട്ടും ആകെയുള്ള 71,000 സീറ്റുകളിൽ 65,937 സീറ്റുകളിലാണു പ്രവേശനം പൂർത്തിയായത്. ഒന്നാം വർഷ ക്ലാസുകൾ ഈ മാസം 16ന് ആരംഭിച്ചിരുന്നു. ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്താൻ സ്പോട്ട് അഡ്മിഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ബികോം (ഓണേഴ്സ്), ബികോം, ബിഎ (ഓണേഴ്സ്) പൊളിറ്റിക്കൽ സയൻസ്, ബിഎ (ഓണേഴ്സ്) ഇക്കണോമിക്സ്, ബിഎ (ഓണേഴ്സ്) ഇംഗ്ലിഷ് പ്രോഗ്രാം എന്നീ കോഴ്സുകളിലാണു ഏറ്റവുമധികം പേർ പ്രവേശനം നേടിയത്. ഈ വർഷം ആരംഭിച്ച ബിടെക് കോഴ്സുകളിൽ പകുതി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നീ കോഴ്സുകളിലായി ആകെ 360 സീറ്റുകളാണുള്ളത്.
ആകെ 100 പേർ മാത്രമാണ് പ്രവേശനം നേടിയത്. കംപ്യൂട്ടർ സയൻസ് കോഴ്സിലാണ് ഏറ്റവുമധികം പേർ. ജെഇഇ (മെയിൻ) റാങ്കിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. ഫീസ് ഇളവ് ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നു. ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളില്ലാത്തതാണു പ്രധാന ന്യൂനതയായി വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നത്.