കൊല്‍ക്കത്ത: കൊല്‍ക്കത്ത ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൃതദേഹം വെടിയുണ്ടകള്‍ തറച്ച നിലയില്‍ സെഷന്‍സ് കോടതി പരിസരത്ത് നിന്ന് കണ്ടെടുത്തു. ഗോപാല്‍ നാഥ് ആണ് കൊല്ലപ്പെട്ടത്.
കൊല്‍ക്കത്ത സായുധ പോലീസിന്റെ ഭാഗമായിരുന്നു ഗോപാല്‍ നാഥ്. അതേ കോടതിയിലെ എട്ടാം ബെഞ്ചിലെ ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായി നിയമിതനായിരുന്നു
രാവിലെ 7 മണിയോടെ കോടതി ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. നെറ്റിയില്‍ വെടിയേറ്റ മുറിവോടെ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് ഗോപാല്‍ നാഥിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഹാരെ സ്ട്രീറ്റ് പോലീസില്‍ നിന്നുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊല്‍ക്കത്ത പോലീസിന്റെ ഡിറ്റക്ടീവ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹോമിസൈഡ് വിഭാഗം, ശാസ്ത്ര വിഭാഗം, വിരലടയാള വിശകലന സംഘം, സെന്‍ട്രല്‍ ആര്‍മറി ടീം എന്നിവയിലെ ഉദ്യോഗസ്ഥരും അന്വേഷണത്തില്‍ സഹായിക്കുന്നുണ്ട്. പരിശോധനയ്ക്കായി ഒരു ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ചു.
മൃതദേഹത്തിനടുത്തായി 9 എംഎം സര്‍വീസ് പിസ്റ്റള്‍ കണ്ടെടുത്തതിനാല്‍ ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്
'അരികില്‍ കിടന്നിരുന്ന 9 എംഎം സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് അയാള്‍ ആത്മഹത്യ ചെയ്തിരിക്കാം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് കൊല്‍ക്കത്ത പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.