ഡല്‍ഹി: കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
പൊള്ളയായ പ്രസംഗങ്ങളില്‍ നിന്നോ വ്യാജ വാഗ്ദാനങ്ങളില്‍ നിന്നോ അല്ല മറിച്ച് ശക്തമായ നടപടികളിലൂടെയാണ് ഇത്തരം ഭീകരാക്രമണങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ കത്വയില്‍ ഇന്ത്യന്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ വാര്‍ത്ത അങ്ങേയറ്റം ദുഃഖകരമാണ്.
മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് വൈകാരികമായ ആദരാഞ്ജലികള്‍. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റ സൈനികര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.
'നമ്മുടെ സൈന്യത്തിന് നേരെയുണ്ടാകുന്ന ഭീരുത്വപരമായ ആക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. ഒരു മാസത്തിനുള്ളില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യത്തിന്റെ സുരക്ഷയ്ക്കും നമ്മുടെ സൈനികരുടെ ജീവിതത്തിനും കനത്ത പ്രഹരമാണ്.
നിരന്തരമായ ഭീകരാക്രമണങ്ങള്‍ക്കുള്ള പരിഹാരം ശക്തമായ നടപടികളില്‍ നിന്നായിരിക്കും, പൊള്ളയായ പ്രസംഗങ്ങളില്‍ നിന്നും വ്യാജ വാഗ്ദാനങ്ങളില്‍ നിന്നുമല്ല. ഈ ദുഃഖസമയത്ത് ഞങ്ങള്‍ രാജ്യത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു'- എന്നും അദ്ദേഹം എക്സില്‍ കുറിച്ചു