ഓഹരി വിപണിയിൽ ഇടിവ്; സെൻസെക്സും നിഫ്റ്റിയും താഴ്ന്നു, ആഗോള തകർച്ചയും വിദേശ ഫണ്ട് പിൻവലിക്കലും തിരിച്ചടിയായി

മാരുതി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കോട്ടക് മഹീന്ദ്ര ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.

New Update
Untitled

മുംബൈ: ആഗോള വിപണികളിലെ തിരിച്ചടിയും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിച്ചതും കാരണം വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. ബി.എസ്.ഇ സെന്‍സെക്‌സ് 364.62 പോയിന്റ് ഇടിഞ്ഞ് 81,883.99 എന്ന നിലയിലെത്തി. എന്‍.എസ്.ഇ നിഫ്റ്റി 117.15 പോയിന്റ് താഴ്ന്ന് 25,379.40 എന്ന നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Advertisment

മാരുതി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കോട്ടക് മഹീന്ദ്ര ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.


ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, എറ്റേണല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

വ്യാഴാഴ്ച വിദേശ സ്ഥാപന നിക്ഷേപകര്‍ 3,465.99 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍, ആഭ്യന്തര നിക്ഷേപകര്‍ 5,031.57 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.


ഏഷ്യന്‍ വിപണികളായ ദക്ഷിണ കൊറിയയിലെ കോസ്പി, ജപ്പാനിലെ നിക്കി, ഷാങ്ഹായ് സൂചികകള്‍ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക നേട്ടത്തിലാണ്. അമേരിക്കന്‍ വിപണികളും വ്യാഴാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


യുഎസ്-ഇറാന്‍ ആണവ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞത് പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നതായി എന്റിച്ച് മണി സിഇഒ പൊന്മുടി ആര്‍. നിരീക്ഷിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 70.70 ഡോളര്‍ എന്ന നിലയിലാണ്.

Advertisment