പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു; ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച, സെൻസെക്സ് 1758 പോയിന്റ് ഇടിഞ്ഞു

എണ്ണ ആവശ്യങ്ങള്‍ക്കായി ഇറക്കുമതിയെ 85 ശതമാനവും ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വിതരണ തടസ്സവും വിലവര്‍ദ്ധനവും പണപ്പെരുപ്പത്തിന് കാരണമാകും.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടം. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടന്‍ തന്നെ പ്രധാന സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും 2 ശതമാനത്തിലധികം ഇടിഞ്ഞു. യുദ്ധത്തെത്തുടര്‍ന്ന് ആഗോള എണ്ണവില വര്‍ദ്ധിക്കുന്നതും ഏഷ്യന്‍ വിപണികളിലുണ്ടായ കനത്ത തകര്‍ച്ചയുമാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്.

Advertisment

എല്‍ ആന്‍ഡ് ടി, ടാറ്റ സ്റ്റീല്‍, ഇന്‍ഡിഗോ, അള്‍ട്രാടെക് സിമന്റ്, അദാനി പോര്‍ട്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ വന്‍കിട ഓഹരികള്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. വിപണി തകരുമ്പോഴും ഐടി മേഖലയിലെ പ്രമുഖരായ ഇന്‍ഫോസിസ്, എച്ച്.സി.എല്‍ ടെക്, ടി.സി.എസ് എന്നിവ നേട്ടമുണ്ടാക്കി.


ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്‍ തിരിച്ചടി തുടരുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തു. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 10 ശതമാനത്തിലധികം ഇടിഞ്ഞു. ജപ്പാന്‍, ഷാങ്ഹായ് വിപണികളും സമാനമായ തകര്‍ച്ച നേരിട്ടു.

എണ്ണ ആവശ്യങ്ങള്‍ക്കായി ഇറക്കുമതിയെ 85 ശതമാനവും ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വിതരണ തടസ്സവും വിലവര്‍ദ്ധനവും പണപ്പെരുപ്പത്തിന് കാരണമാകും.


'വിപണി ഇപ്പോള്‍ കടുത്ത അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്. വ്യാപാരക്കമ്മി വര്‍ദ്ധിക്കുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണെന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസ് വി.കെ. വിജയകുമാര്‍ പറഞ്ഞു.


ഹോളി പ്രമാണിച്ച് ചൊവ്വാഴ്ച വിപണിക്ക് അവധിയായിരുന്നു. എന്നാല്‍ ബുധനാഴ്ച വിപണി തുറന്നതോടെ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് തുടരുകയാണ്. ഇതോടെ വിപണിയില്‍ സമ്മര്‍ദ്ദം ഇരട്ടിയായി.

Advertisment