ഡല്‍ഹി: വീടിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത് 4 മൃതദേഹങ്ങള്‍. മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലാണ് സംഭവം. സംഭവം കൊലപാതകങ്ങളാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
സെപ്റ്റിക് ടാങ്കില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും ഒരാളെ തിരിച്ചറിയാനുണ്ട്. സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു
ബര്‍ഗവാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബറോഖര്‍ ഗ്രാമത്തിലാണ് സംഭവം. ജനുവരി നാലിന് വൈകുന്നേരമാണ് ദുര്‍ഗന്ധം വമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. പരിശോധനയില്‍ സുരേഷ് പ്രജാപതി, കരണ്‍ സാഹു, പപ്പു സാഹു, അജ്ഞാതനായ ഒരാള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ടാങ്കില്‍ കണ്ടെത്തി.
ഈ മൃതദേഹങ്ങള്‍ കണ്ടെടുത്ത വീടിന്റെ ഉടമയുടെ പേര് ഹരി പ്രസാദ് പ്രജാപതി എന്നാണെന്ന് അഡീഷണല്‍ എസ്പി ശിവ് കുമാര്‍ വര്‍മ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിപ്രസാദിന്റെ മകനാണ് മരിച്ച സുരേഷ് പ്രജാപതി.
ജനുവരി ഒന്നിന് സുരേഷ് പ്രജാപതിയും കരണ്‍ സാഹുവും സുഹൃത്തുക്കളുമൊത്ത് പാര്‍ട്ടിക്ക് ആ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടുവളപ്പില്‍ വെച്ച് തന്നെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ സെപ്റ്റിക് ടാങ്കില്‍ തള്ളിയതാണെന്ന് സംശയിക്കുന്നു.
ജനുവരി നാലിന് വൈകുന്നേരമാണ് സെപ്റ്റിക് ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന വിവരം പോലീസിന് ലഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
മൃതദേഹങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ജനുവരി നാലിന് വൈകുന്നേരം ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഒരു സ്ത്രീ വീട്ടില്‍ എത്തി വീടിന് പിന്നിലെ സെപ്റ്റിക് ടാങ്കിലേക്ക് നോക്കുകയും നാലു മൃതദേഹങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി കിടക്കുന്നതായി കണ്ടെത്തുകയുമായിരുന്നു
തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്. പിന്നീട് ജെസിബി ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് തകര്‍ത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ഫോണ്‍ നമ്പറുകളും കോള്‍ വിശദാംശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. പ്രഥമദൃഷ്ട്യാ കേസ് കൊലപാതകമാണെന്നാണ് തോന്നുന്നതെന്ന് സിങ്ഗ്രൗളി എസ്പി മനീഷ് ഖത്രി പറഞ്ഞു.