ഡല്‍ഹി: 19 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സീരിയല്‍ കൊലയാളി ഗുജറാത്തില്‍ പിടിയില്‍. വല്‍സാദ് ജില്ലയില്‍ 19 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നതിന് മുമ്പ് ഇയാള്‍ നാല് സംസ്ഥാനങ്ങളിലായി ട്രെയിനില്‍ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഹരിയാനയില്‍ നിന്നുള്ള 29 കാരനായ സീരിയല്‍ കില്ലറെയാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
നവംബര്‍ 14 ന് ഉദ്വാഡ റെയില്‍വേ സ്റ്റേഷന് സമീപമുള്ള പാളത്തിന് സമീപം കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരംഭിച്ച അന്വേഷണത്തിലാണ് ഹരിയാനയിലെ റോഹ്തക് സ്വദേശിയായ രാഹുല്‍ സിംഗ് ജാട്ടിനെ നവംബര്‍ 24 ന് വാപി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
അന്ന് വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പിന്നില്‍ നിന്ന് ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുറ്റകൃത്യം നടന്ന സ്ഥലത്ത് രാഹുല്‍ ഉപേക്ഷിച്ച ടീ ഷര്‍ട്ടും ബാഗും പോലീസിന് സുപ്രധാനമായ സൂചനകളായി മാറിയെന്ന് വല്‍സാദ് പോലീസ് സൂപ്രണ്ട് (എസ്പി) കരണ്‍രാജ് വഗേല പറഞ്ഞു.
സൂറത്തിലെ ലാജ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനാണ് രാഹുല്‍ ജാട്ട് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.
ലോക്കല്‍ പൊലീസും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഞായറാഴ്ച രാത്രി വല്‍സാദിലെ വാപി റെയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നിന്നാണ് ജാട്ടിനെ അറസ്റ്റ് ചെയ്തത്.
കര്‍ണാടക, പശ്ചിമ ബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കവര്‍ച്ച, കൊലപാതകം തുടങ്ങിയ നാല് കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, എസ്പി പറഞ്ഞു.
അറസ്റ്റിന് ഒരു ദിവസം മുമ്പ് തെലങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ വെച്ച് ഇയാള്‍ ഒരു സ്ത്രീയെ കൊള്ളയടിച്ച ശേഷം കൊലപ്പെടുത്തിയിരുന്നുവെന്ന് എസ്പി പറഞ്ഞു.
ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ സോലാപൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനില്‍ വെച്ച് ഇയാള്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാളിലെ ഹൗറ റെയില്‍വേ സ്റ്റേഷനു സമീപം കതിഹാര്‍ എക്സ്പ്രസ് ട്രെയിനില്‍ വയോധികനെ ഇയാള്‍ കുത്തിക്കൊന്നു. കര്‍ണാടകയിലെ മുല്‍ക്കിയില്‍ ട്രെയിന്‍ യാത്രക്കാരനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.