ന്യൂഡല്‍ഹി: വധശിക്ഷയില്‍നിന്ന് ഇളവുലഭിച്ച ഇന്ത്യയുടെ എട്ട് മുന്‍നാവികരെ ഖത്തര്‍ ജയിലില്‍നിന്ന് വിട്ടയ്ക്കാൻ ഇടപെട്ടത് ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് സുബ്രമണ്യൻ സ്വാമി. നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പരാജയപ്പെട്ടപ്പോൾ ഷാരൂഖ് ഖാന്റെ സഹായം മോദി തേടിയെന്നും സ്വാമി എക്സിൽ കുറിച്ചു. സ്വാമിയുടെ പ്രസ്താവനയോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.
അതേസമയം, നാവികരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയിട്ടില്ലെന്നു ടീം എസ്ആർകെ വ്യക്തമാക്കി. ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദാദൽനിയാണ് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്.
മുൻ ഇന്ത്യൻ നാവികരെ തിരികെ എത്തിച്ചതിൽ ഷാരൂഖ് ഖാന് പങ്കാളിത്തമില്ലെന്നും അതിനു പിന്നിലുള്ളത് ഇന്ത്യൻ ഗവൺമെന്റ് ഉദ്യോഗസ്ഥരാണെന്നും ടീം എസ്ആർകെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.