/sathyam/media/media_files/2026/01/29/untitled-2026-01-29-08-59-58.jpg)
ഗ്വാളിയോര്‍: 'ഹായ്, ഗുഡ് മോര്‍ണിംഗ് ദാദാ..' ബുധനാഴ്ച രാവിലെ 6:30-ന് മുത്തശ്ശി മീര പഥക്കിന്റെ ഫോണിലേക്ക് എത്തിയ ഈ സന്ദേശം കേവലം ഒരു പ്രഭാത വന്ദനമായിരുന്നില്ല, പ്രിയപ്പെട്ട ചെറുമകളുടെ അവസാന യാത്രമൊഴിയായിരുന്നു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ ജീവനെടുത്ത ബാരാമതി വിമാനാപകടത്തില്‍, വിമാനം നിയന്ത്രിച്ചിരുന്ന യുവ പൈലറ്റ് ശാംഭവി പഥക്കിന്റെ വിയോഗം ഒരു കുടുംബത്തെയാകെ തകര്‍ത്തിരിക്കുകയാണ്. ഗ്വാളിയോറിലെ വസന്തി വിഹാറിലെ വീട്ടിലിരുന്ന് തന്റെ ഫോണിലെ ആ സന്ദേശത്തിലേക്ക് നോക്കി കണ്ണീര്‍ വാര്‍ക്കുകയാണ് ശാംഭവിയുടെ മുത്തശ്ശി.
ഹൃദയം തകര്‍ക്കുന്ന നിമിഷങ്ങള്‍
പതിവുപോലെ 'ഗുഡ് മോര്‍ണിംഗ് ചീനി' (ശാംഭവിയുടെ വിളിപ്പേര്) എന്ന് മുത്തശ്ശി മറുപടി നല്‍കി. എന്നാല്‍ ആ സന്ദേശം ശാംഭവി കണ്ടില്ല. 8:45-ഓടെ ബാരാമതി വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്നു വീണു.
'അവള്‍ അവസാനമായി അയച്ച സന്ദേശമാണിതെന്ന് ഞാന്‍ അറിഞ്ഞില്ല,' വിറയ്ക്കുന്ന ശബ്ദത്തോടെ മീര പഥക് പറയുന്നു. 'അവള്‍ മിക്കവാറും മുംബൈയിലായിരുന്നു. ഇടയ്ക്കിടെ വിളിക്കാറില്ല, സന്ദേശങ്ങള്‍ അയക്കാറുമില്ല. പക്ഷേ ഇന്ന് അവള്‍ എങ്ങനെ എന്നെ ഓര്‍ത്തു എന്ന് അറിയില്ല.
/filters:format(webp)/sathyam/media/media_files/2026/01/29/untitled-2026-01-29-08-59-45.jpg)
സാധാരണ മുത്തശ്ശിയെന്നല്ല, 'ദാദാ' എന്നാണ് അവള്‍ എന്നെ വിളിച്ചിരുന്നത്. എന്റെ ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന് പകരക്കാരിയും അവള്‍ക്ക് ഞാനാണെന്ന് അവള്‍ പറയുമായിരുന്നു.'-മുത്തശ്ശി പറയുന്നു.
പറക്കല്‍ രക്തത്തില്‍ അലിഞ്ഞവള്‍
ശാംഭവിയുടെ കുടുംബത്തിന് വ്യോമസേനയുമായി തലമുറകളായുള്ള ബന്ധമാണുള്ളത്. (മുത്തച്ഛന്‍ വിംഗ് കമാന്‍ഡര്‍ ശ്രീ കിഷന്‍ പഥക് (റിട്ട. ഇന്ത്യന്‍ എയര്‍ഫോഴ്‌സ്).പിതാവ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വിക്രം പഥക് (ഇന്ത്യന്‍ എയര്‍ഫോഴ്‌സ്).
കാര്‍ഗില്‍ യുദ്ധകാലത്ത് അച്ഛന്‍ അതിര്‍ത്തിയില്‍ പോയപ്പോള്‍ ഗ്വാളിയോറിലെ മുത്തശ്ശിയുടെ വീട്ടിലായിരുന്നു ശാംഭവി വളര്‍ന്നത്. വിമാനങ്ങളുടെ ഇരമ്പല്‍ കേട്ടും ആകാശത്തെ കഥകള്‍ കേട്ടുമാണ് പൈലറ്റാകാന്‍ സ്വപ്നം കണ്ടത്. ന്യൂസിലന്‍ഡില്‍ നിന്ന് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ശാംഭവി, മികച്ചൊരു ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ കൂടിയായിരുന്നു.
അവസാന കൂടിക്കാഴ്ച
അടുത്തിടെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മുത്തശ്ശിക്കൊപ്പം രണ്ടു മണിക്കൂറോളം ശാംഭവി ചിലവഴിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുത്തച്ഛന്‍ മരിച്ചപ്പോള്‍ 13 ദിവസത്തോളം മുത്തശ്ശിയെ തനിച്ചാക്കാതെ ശാംഭവി കൂടെയുണ്ടായിരുന്നു.
ആകാശത്തെ പ്രണയിച്ച, ആകാശത്തോളം സ്വപ്നങ്ങളുണ്ടായിരുന്ന ഒരു മിടുക്കിക്ക് വിധി കരുതിവെച്ചത് അപ്രതീക്ഷിതമായ ഈ ദുരന്തമായിരുന്നു. ഗ്വാളിയോറിലെ ആ പഴയ വീട്ടില്‍, തന്റെ ഫോണിലെ ആ അവസാന സന്ദേശത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് മുത്തശ്ശി മീര പഥക് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us