മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നതിനെതിരെ ശരദ് പവാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഒക്ടോബര്‍ 24 ന് പരിഗണിക്കും.
ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ലെന്ന് അവകാശപ്പെടുന്ന മേഖലകള്‍ വ്യക്തമാക്കാന്‍ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ശരദ് പവാര്‍ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തരവ് പാലിക്കപ്പെടാത്ത മേഖലകള്‍ തിരിച്ചറിയുക. ഒരിക്കല്‍ ഞങ്ങള്‍ ഒരു ഓര്‍ഡര്‍ പാസാക്കിയാല്‍ രണ്ട് കക്ഷികളും അത് പാലിക്കേണ്ടതുണ്ട്. ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ ഗൗരവമായി കാണുമെന്നും കോടതി പറഞ്ഞു.
വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്ലോക്ക് ചിഹ്നം ഉപയോഗിക്കരുതെന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ശരദ് പവാറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
ഈ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാര്‍ വിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ക്ലോക്ക് ആയത് വോട്ടര്‍മാരില്‍ കാര്യമായ ആശയക്കുഴപ്പം സൃഷ്ടിച്ചതായി ശരദ് പവാര്‍ വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ എന്‍സിപി ആരാണെന്ന് വോട്ടര്‍മാര്‍ വ്യക്തമാക്കിയതിനാല്‍ അജിത് പവാര്‍ വിഭാഗത്തിന് പുതിയ ചിഹ്നം നല്‍കണമെന്നാണ് ശരദ് പവാര്‍ വിഭാഗത്തിന്റെ ആവശ്യം.