ഡല്‍ഹി: വീണ്ടും അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. രാജ്യത്ത് 1975-ല്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെ അദ്ദേഹം 'ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായം' എന്ന് വിശേഷിപ്പിച്ചു. അതിനൊപ്പം, അതിന്റെ പാഠങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലം രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചുവെന്ന് തരൂര്‍ പറഞ്ഞു.
അച്ചടക്കത്തിനും ക്രമസമാധാനത്തിനുമായി സ്വീകരിച്ച നടപടികള്‍ പലപ്പോഴും അനാവശ്യമായ ക്രൂരതയിലേക്കും മനുഷ്യാവകാശ ലംഘനത്തിലേക്കും വഴിതെളിച്ചുവെന്ന് അദ്ദേഹം ലേഖനത്തില്‍ എഴുതി.
സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നിര്‍ബന്ധിത വന്ധ്യംകരണവും, നഗരങ്ങളില്‍ ചേരികള്‍ പൊളിച്ചുമാറ്റലും, ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ക്ഷേമം അവഗണിക്കപ്പെടുകയും ചെയ്തുവെന്നും തരൂര്‍ പറഞ്ഞു.
ഇന്നത്തെ ഇന്ത്യ കൂടുതല്‍ ആത്മവിശ്വാസമുള്ളതും വികസിതവുമായ ജനാധിപത്യരാജ്യമാണ്. എന്നാല്‍, അടിയന്തരാവസ്ഥയുടെ പാഠങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കി.
ജനാധിപത്യത്തെ നിസ്സാരമായി കാണരുതെന്നും, അത് നിരന്തരം പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'ജനാധിപത്യം എല്ലാ ആളുകള്‍ക്കും പ്രചോദനത്തിന്റെ ശാശ്വത ഉറവിടമായി വര്‍ത്തിക്കട്ടെ,' എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അധികാരം കേന്ദ്രീകരിക്കാനും, വിയോജിപ്പുകളെ അടിച്ചമര്‍ത്താനും, ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുമുള്ള പ്രലോഭനങ്ങള്‍ പല രൂപങ്ങളിലുമുണ്ടാകുമെന്ന് തരൂര്‍ മുന്നറിയിപ്പ് നല്‍കി.
'പലപ്പോഴും ഇത്തരം പ്രവണതകള്‍ ദേശീയ താല്‍പ്പര്യത്തിന്റെയോ സ്ഥിരതയുടെയോ പേരില്‍ ന്യായീകരിക്കപ്പെടുന്നു. ഈ അര്‍ത്ഥത്തില്‍, അടിയന്തരാവസ്ഥ ഒരു ശക്തമായ മുന്നറിയിപ്പാണ്. ജനാധിപത്യ സംരക്ഷകര്‍ എപ്പോഴും ജാഗ്രത പാലിക്കണം,' അദ്ദേഹം പറഞ്ഞു.