മുംബൈ: പുതിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാകും? ഇതു സംബന്ധിച്ച സസ്‌പെന്‍സ് തുടരുകയാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ നേതാക്കളായ ദേവേന്ദ്ര ഫഡ്നാവിസ്, ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ഡല്‍ഹിയില്‍ അമിത് ഷായെ കണ്ടിരുന്നു.
ഇതിനുശേഷം വെള്ളിയാഴ്ച മഹായുതി യോഗം നടക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് മുമ്പ് ശിവസേന അധ്യക്ഷന്‍ ഏകനാഥ് ഷിന്‍ഡെ തന്റെ ഗ്രാമത്തിലേക്ക് പോയതിനാല്‍ യോഗം മാറ്റിവെക്കേണ്ടി വന്നു.
മുംബൈയില്‍ ചേരേണ്ടിയിരുന്ന സഖ്യ യോഗം പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. ശിവസേന യോഗവും റദ്ദാക്കി ഏകനാഥ് ഷിന്‍ഡെ സത്താറയിലെ ഗ്രാമത്തിലേക്ക് പോയി. അദ്ദേഹം മടങ്ങിയെത്തിയ ശേഷം യോഗങ്ങള്‍ നടക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശിവസേനയ്ക്ക് രണ്ട് ഓപ്ഷനുകള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ആദ്യത്തേതില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ടാമത്തേത് കേന്ദ്രമന്ത്രി സ്ഥാനവുമാണ്. കേന്ദ്രമന്ത്രിയാകാന്‍ ഏക്നാഥ് ഷിന്‍ഡെ തീരുമാനിച്ചാല്‍ അദ്ദേഹത്തിന്റെ വിഭാഗത്തിലെ ഏതെങ്കിലും നേതാവിനെ ഉപമുഖ്യമന്ത്രിയാക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൂചന.
മറുവശത്ത് മുഖ്യമന്ത്രിസ്ഥാനം ബി.ജെ.പിക്ക് നല്‍കാമെന്നാണ് ധാരണ. ബിജെപിക്ക് റെക്കോര്‍ഡ് വിജയം നേടിയതോടെ ദേവേന്ദ്ര ഫഡ്നാവിസ് മൂന്നാം തവണയും മുഖ്യമന്ത്രിയാകാന്‍ പോവുകയാണെന്നാണ് സൂചന.
ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയെ 'നല്ലതും പോസിറ്റീവും' എന്നാണ് ഷിന്‍ഡെ വിശേഷിപ്പിച്ചത്. മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് തലസ്ഥാനത്ത് നടക്കുന്ന മഹായുതി സഖ്യത്തിന്റെ രണ്ടാം യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് താന്‍ തടസ്സമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും എടുക്കുന്ന തീരുമാനം അനുസരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളില്‍ ധാരണയായെങ്കിലും ചില മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും നടന്നിട്ടില്ലെന്നും വൃത്തങ്ങള്‍ പറയുന്നു.
ഒരു മുഖ്യമന്ത്രി, രണ്ട് ഉപമുഖ്യമന്ത്രിമാര്‍ എന്ന നിലവിലെ ഫോര്‍മുല തുടരാനാണ് സാധ്യത. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തോട് ഷിന്‍ഡെയ്ക്ക് താല്‍പ്പര്യമില്ല. 'അദ്ദേഹം ഉപമുഖ്യമന്ത്രിയാകാനും സാധ്യതയില്ല.
നേരത്തെ മുഖ്യമന്ത്രിയായ ഒരാള്‍ക്ക് ഇത് ചേരുന്നതല്ല' എന്ന് ശിവസേന എം.എല്‍.എയും വക്താവുമായ സഞ്ജയ് ഷിര്‍സത്ത് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപി ആഭ്യന്തര വകുപ്പും അജിത് പവാറിന്റെ എന്‍സിപി ധനവകുപ്പും നിലനിര്‍ത്തിയേക്കും. ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്ക് നഗരവികസന, പൊതുമരാമത്ത് വകുപ്പ് ലഭിച്ചേക്കും.
ബിജെപിക്ക് 22 ക്യാബിനറ്റ് പദവികളും ശിവസേനയ്ക്കും എന്‍സിപിക്കും യഥാക്രമം 12 ഉം 9 ഉം വകുപ്പുകള്‍ ലഭിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ഡിസംബര്‍ രണ്ടിന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് സൂചന. 288 അംഗ നിയമസഭയില്‍ 230 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത്.
ബിജെപി 132 നിയമസഭാ സീറ്റുകള്‍ നേടിയപ്പോള്‍ ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും യഥാക്രമം 57, 41 സീറ്റുകള്‍ നേടി.