Advertisment

യാത്രക്കാർ കൂടി; ശ്രീലങ്കയിലേക്ക് ഇനി ആഴ്ചയിൽ അഞ്ചുദിവസം കപ്പൽ സർവീസ്

New Update
G

ചെന്നൈ: തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള കപ്പല്‍ ഇനി മുതൽ ആഴ്ചയില്‍ അഞ്ചുദിവസം സര്‍വീസ് നടത്തും.

Advertisment

യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ഞായര്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കപ്പല്‍ സർവീസ് ഉണ്ടാവുകയെന്ന് ഇന്‍ഡ്ശ്രീ ഫെറി അറിയിച്ചു.

മാസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനുശേഷമാണ് ഈ വര്‍ഷം ഓഗസ്റ്റ് 16- ന് കപ്പല്‍സര്‍വീസ് പുനരാരംഭിച്ചത്. തുടക്കത്തില്‍ യാത്രക്കാര്‍ കുറവായതുകൊണ്ട് ആഴ്ചയില്‍ മൂന്നുദിവസമാക്കി സര്‍വീസ് കുറച്ചു. സെപ്റ്റംബര്‍ 21 മുതല്‍ ഇത് നാലുദിവസമാക്കി.

യാത്രക്കാരുടെ എണ്ണം വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് സർവീസ് അഞ്ചുദിവസമാക്കി നീട്ടിയത്. രാവിലെ എട്ടിന് നാഗപട്ടണത്തുനിന്ന് പുറപ്പെടുന്ന കപ്പല്‍ ഉച്ചയ്ക്ക് 12-ന് കാങ്കേശന്‍ തുറയിലെത്തും. അതേ ദിവസം തന്നെ ഉച്ചയ്ക്ക് രണ്ടിന് കാങ്കേശന്‍തുറയില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് ആറിന് നാഗപട്ടണത്ത് തിരിച്ചെത്തും.

സര്‍വീസ് നടത്തുന്ന ഇന്‍ഡ്ശ്രീ ഫെറി സര്‍വീസിന്റെ വെബ്സൈറ്റ് (https://sailindsri.com) വഴി യാത്രക്കുള്ള ടിക്കറ്റുകൾ ബുക്കുചെയ്യാം. നാഗപട്ടണത്തുനിന്ന് കാങ്കേശന്‍തുറയിലേക്ക് സാധാരണ ക്ലാസില്‍ 4997 രൂപയാണ് ടിക്കറ്റ് നിരക്ക്. 4613 രൂപയാണ് തിരിച്ചുള്ള നിരക്ക്.

Advertisment