മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് ആരായിരിക്കും? അവകാശവാദം ഉന്നയിച്ച് ശിവസേന (യുബിടി). നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിന് കത്ത് നല്‍കി ഉദ്ദവ് താക്കറെ

മാര്‍ച്ച് 26 ന് ബജറ്റ് സമ്മേളനം അവസാനിക്കുന്നതിനുമുമ്പ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

New Update
shiv-sena

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ശിവസേന (യുബിടി). പാര്‍ട്ടി മുതിര്‍ന്ന നേതാവ് എംഎല്‍എ ഭാസ്‌കര്‍ ജാദവിനെ പ്രതിപക്ഷ നേതാവായി നാമനിര്‍ദ്ദേശം ചെയ്തു.

Advertisment

പാര്‍ട്ടി മേധാവി ഉദ്ധവ് താക്കറെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച കത്ത് നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


'പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ശിവസേന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഞങ്ങള്‍ നിയമസഭാ സ്പീക്കര്‍ക്ക് ഒരു കത്ത് നല്‍കിയിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് തീരുമാനം എടുക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.


മാര്‍ച്ച് 26 ന് ബജറ്റ് സമ്മേളനം അവസാനിക്കുന്നതിനുമുമ്പ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം തന്റെ പാര്‍ട്ടിക്ക് ലഭിച്ചാല്‍ റൊട്ടേഷന്‍ സമ്പ്രദായം നടപ്പാക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ശിവസേനയ്ക്കാണ് (യുബിടി) ഉള്ളത്. 

ശിവസേന യുബിടി വിഭാഗത്തിന് ആകെ 20 എംഎല്‍എമാരുണ്ട്. ശിവസേന (യുബിടി) നേതാവ് ഭാസ്‌കര്‍ ജാദവ് രത്നഗിരി ജില്ലയിലെ ഗുഹാഗര്‍ അസംബ്ലിയില്‍ നിന്നുള്ള നിലവിലെ എംഎല്‍എയാണ്. 1990 മുതല്‍ അദ്ദേഹം ശിവസേനയുടെ ഭാഗമാണ്. പിന്നീട് അദ്ദേഹം എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ 2019 ല്‍ അദ്ദേഹം വീണ്ടും ശിവസേനയില്‍ ചേര്‍ന്നു.


പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയുടെ (എംവിഎ) സഖ്യകക്ഷിയായ എന്‍സിപിയുടെ (എസ്പി) എംഎല്‍എ ജിതേന്ദ്ര അവാദ്, എംവിഎയുടെ എല്ലാ ഘടകങ്ങള്‍ക്കും 18-18 മാസത്തേക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു.


എന്നാല്‍ 'റൊട്ടേഷന്‍' സംവിധാനം നടപ്പിലാക്കില്ലെന്ന് ഉദ്ധവ് താക്കറെ അവകാശപ്പെടുന്നു. ഉദ്ധവിന്റെ ഈ അവകാശവാദം പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് എംവിഎയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

'പ്രതിപക്ഷ നേതാവ് സ്ഥാനം എംവിഎയിലെ മൂന്ന് പാര്‍ട്ടികള്‍ക്കും 18 മാസത്തേക്ക് നല്‍കണമെന്ന് ഞങ്ങള്‍ പറയുന്നു.' ഇത് എല്ലാ പാര്‍ട്ടികള്‍ക്കും സംസ്ഥാന നിയമസഭയില്‍ പ്രാതിനിധ്യം നേടാനുള്ള അവസരം നല്‍കും.

ശക്തമായ ഒരു പ്രതിപക്ഷമായി നമ്മള്‍ ഒരുമിച്ച് നില്‍ക്കണം. ഇതാണ് എന്‍സിപി (എസ്പി) യുടെ നിലപാട്. അന്തിമ തീരുമാനം എടുക്കാന്‍ മൂന്ന് പാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ യോഗം ചേരും. ഇതിനുശേഷം മാത്രമേ ഞങ്ങള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കൂ. മഹാരാഷ്ട്ര മുന്‍ മന്ത്രി അവ്വാദ് പറഞ്ഞു.

Advertisment