/sathyam/media/media_files/2026/03/02/untitled-2026-03-02-13-46-33.jpg)
ശ്രീനഗര്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്വരയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിഷേധം ആളിപ്പടരുന്നു.
ക്രമസമാധാന നില കണക്കിലെടുത്ത് അധികൃതര്‍ പലയിടത്തും ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ തെരുവിലിറങ്ങി.
ശ്രീനഗറിലെ ബമിന, ഗുണ്ഡ് ഹസിഭട്ട്, ജഹാംഗീര്‍ ചൗക്ക് എന്നിവിടങ്ങളിലും തെക്കന്‍ കശ്മീരിലെ പുല്‍വാമയിലുമാണ് തിങ്കളാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
ശ്രീനഗറിലെ ജഹാംഗീര്‍ ചൗക്കില്‍ ഖമേനിയുടെ ചിത്രങ്ങളും കറുത്ത കൊടികളുമായി പ്രതിഷേധിച്ച സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധം നടന്ന ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറിലേക്ക് (ഘന്ത ഘര്‍) പ്രതിഷേധക്കാര്‍ എത്താതിരിക്കാന്‍ കമ്പിവേലികളും തകര ഷീറ്റുകളും ഉപയോഗിച്ച് പോലീസ് പ്രദേശം വളഞ്ഞു.
ചീഫ് പ്രീസ്റ്റ് മിര്‍വായിസ് ഉമര്‍ ഫാറൂഖും മുത്തഹിദ മജ്ലിസ്-ഇ-ഉലമയും ആഹ്വാനം ചെയ്ത പണിമുടക്ക് താഴ്വരയില്‍ പൂര്‍ണ്ണമാണ്. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയും ഗതാഗതം നിലയ്ക്കുകയും ചെയ്തു.
മുന്‍കരുതല്‍ നടപടിയായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സുരക്ഷാ സാഹചര്യം വിലയിരുത്തുകയും ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ശനിയാഴ്ച നടന്ന അമേരിക്കന്‍-ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us