/sathyam/media/media_files/2026/01/30/untitled-2026-01-30-11-36-05.jpg)
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും 'അഴിമതിയുടെ രാജാക്കന്മാര്‍' എന്ന് വിശേഷിപ്പിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട ബിജെപി കര്‍ണാടക ഘടകത്തിനെതിരെ പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും കുറിപ്പുകളും ഔദ്യോഗിക 'എക്‌സ്' അക്കൗണ്ടിലൂടെ പങ്കുവെച്ചതിനെത്തുടര്‍ന്നാണ് നടപടി.
കര്‍ണാടകയിലെ മന്ത്രിമാരുടെ ചിത്രം സഹിതം 'കര്‍ണാടകയെ പകലും രാത്രിയും ലൂട്ടി ചെയ്യുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ അഴിമതി സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ കഥ ഇതാ' എന്ന അടിക്കുറിപ്പോടെയാണ് ബിജെപി പോസ്റ്റ് പങ്കുവെച്ചത്. ചിത്രത്തില്‍ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും 'സ്‌കാം ലോര്‍ഡ്‌സ്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ബിജെപിയുടെ ഈ നീക്കം വ്യക്തിഹത്യയാണെന്നും സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും കാണിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കര്‍ണാടക സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ബിജെപി നേരത്തെയും ആരോപിച്ചിരുന്നു.
കോണ്‍ഗ്രസിന് മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താനുള്ള 'എടിഎം' ആയി കര്‍ണാടക മാറിയെന്ന് ബിജെപി ആരോപിച്ചു.
മുന്‍പ് ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച '40 ശതമാനം കമ്മീഷന്‍' ആരോപണത്തിന് മറുപടിയായി, നിലവിലെ ഭരണത്തില്‍ 63 ശതമാനം അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് ആര്‍. അശോക ആരോപിച്ചു.
എന്നാല്‍ ഈ ആരോപണങ്ങള്‍ വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും സ്വന്തം ഭരണകാലത്തെ വീഴ്ചകള്‍ മറയ്ക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ തിരിച്ചടിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us